മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് വർണ്ണപ്പകിട്ട്. ഐ വി ശശി-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ആ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ഒരു നടനെന്നതിലുപരി മോഹൻലാൽ ഒരു തിരക്കഥാകൃത്ത് കൂടിയായ ചിത്രമാണ് വർണ്ണ പകിട്ട്.ആക്ഷൻ- റിവെൻജ് വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ചില അണിയറക്കഥകൾ ഒരു പ്രമുഖ ചാനലിലെ പരിപാടിയിൽ പങ്കു വെയ്ക്കുകയായിരുന്നു സംവിധായകൻ ഐ വി ശശി.
ചിത്രത്തിൽ മോഹൻ ലാലും മീനയും ലാലിന്റെ സിംഗപ്പൂരിലെ വീട്ടിൽ പാചകം ചെയ്യുന്ന ഒരു സീനാണ് മോഹൻ ലാൽ എഴുതിയത്.ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ദനന് ചിത്രീകരണ സമയത്ത് പാസ്പോർട്ട് കിട്ടാത്തതിനാൽ സിംഗപ്പൂരിൽ എത്താന്‍ കഴിഞ്ഞില്ല.ആ പ്രതിസന്ധിയില്‍ പ്രസ്തുത സീൻ താൻ എഴുതിക്കൊള്ളാമെന്ന് പറഞ്ഞ് ലാൽ സ്വയം മുൻപോട്ട് വരികയായിരുന്നെന്ന് സംവിധായകൻ പറയുന്നു.ഒരു തിരുത്തുപോലും ആ സീനിൽ വരുത്തേണ്ട ആവശ്യമുണ്ടായില്ലെന്ന് മാത്രമല്ല ഒറ്റ ഷോട്ടിൽ തന്നെ ചിത്രീകരണം ശരിയാവുകയും ചെയ്തിരുന്നു.
ഈ ചിത്രത്തിലെ മറ്റൊരു അവസരത്തിൽ സിംഗപ്പൂരിൽ വെച്ച് നടക്കുന്ന സംഘട്ടന രംഗം പ്ലാൻ ചെയ്തതും മോഹൻലാലാണ്.
മാത്രമല്ല സിംഗപ്പൂരിലെ ചിത്രീകരണത്തിന്റെ ആദ്യനാളുകളിൽ നിർമ്മാതാവായ ജോമോന് എത്താൻ സാധിക്കാതിരുന്നപ്പോൾ ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഭക്ഷണം വാങ്ങി നൽകാനുള്ള മനസും മോഹൻ ലാലിന് ഉണ്ടായതായി സംവിധായകൻ വെളിപ്പെടുത്തി.
Post Your Comments