ചെന്നൈ : സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ആരാധകർ .എന്നാൽ അതിനൊപ്പം അദ്ദേഹം തന്‍റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാർത്തയും പ്രചാരത്തിലായിട്ടുണ്ട്.
ഇന്ത്യൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിന്‍റെ ഭാഗമായിട്ട് 20 വർഷം പിന്നിട്ടിരിക്കുന്നു. കമൽ ഹാസന് ദേശീയ അവാർഡ് നേടിക്കൊടുത്ത സേനാപതി എന്ന കഥാപാത്രം ഇന്നും വീര്യം ചോരാതെ ആരാധകരുടെ ഹൃദയത്തിലുണ്ട്.ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു ശങ്കറും കമലും അവസാനമായി ഒന്നിച്ചത്.രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ഇന്ത്യന്‍റെ രണ്ടാം ഭാഗം വരുന്നതായിട്ടാണ് റിപ്പോർട്ടുകള്‍.
രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം കമൽ എടുത്തു കഴിഞ്ഞു.രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സിനിമാ ജീവിതം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് നേരത്തെതന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ അവസാന ചിത്രമാകും ഇന്ത്യൻ 2.
180 കോടി ബജറ്റിൽ ചിത്രം നിർമ്മിക്കുന്നത് ദിൽ രാജുവാണ്.തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രം പുറത്തിറങ്ങും.മറ്റു ഭാഷകളിൽ മൊഴിമാറ്റ രൂപത്തിലും എത്തും.അഴിമതിക്കെതിരെ മുഖം നോക്കാതെ പോരാടുന്ന വ്യക്തിയാണ് സേനാപതി. അത് സ്വന്തം മകനായാൽ പോലും പ്രതികരിക്കുന്ന നായകൻ.രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് ഇത്തരമൊരു ചിത്രം കമല്‍ തിരഞ്ഞെടുത്തതിൽ ബോധപൂർവ്വമുള്ള ചില നിലപാടുകളുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Post Your Comments