റാസൽഖൈമ: വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് അപകടത്തിൽപെട്ട ഇന്ത്യൻ ഡ്രൈവറെ അബായ (പർദ്ദ) ഉപയോഗിച്ച് രക്ഷപ്പെടുത്തിയ അജ്മാൻ സ്വദേശിനിക്ക് അഭിനന്ദനപ്രവാഹം. വഹർ സെയ്ഫ് അൽ കുമൈത്തി എന്ന യുവതിയാണ് ഡ്രൈവറുടെ ജീവൻ രക്ഷിച്ചത്. കരുണയുടെയും മനുഷ്യത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് യുവതിയുടെ ഇടപെടലെന്നും പെൺകുട്ടിയുടെ സമയോചിതമായ ഇടപെടൽ കാരണം തീപിടിത്തത്തിൽ നിന്നും ഒരു ഡ്രൈവറുടെ ജീവനാണ് രക്ഷിക്കാൻ സാധിച്ചതെന്നും ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ സാബി വ്യക്തമാക്കി. യുവതിയുടെ ധീരമായ നടപടിയ്ക്കുള്ള സമ്മാനമായി, അവരുടെ വീട്ടിൽ സ്മോക്ക് ഡിക്റ്ററ്റേഴ്സ് സ്്ഥാപിക്കുമെന്ന് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് വാഗ്‌ദാനം നൽകിയിട്ടുണ്ട്. ‘ദൈവത്തിന്റെ കൈ’ എന്നായിരുന്നു റാസൽഖൈമ പൊലീസ് യുവതിയുടെ പ്രവർത്തിയെ വിശേഷിപ്പിച്ചത്.
രണ്ട് ട്രക്കുകൾ റോഡിൽ നിന്ന് കത്തുന്നതും ഇതിലൊന്നിൽ നിന്ന് ഇറങ്ങിയ ഒരാൾ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാർഥം നിലവിളിച്ചുകൊണ്ട് ഒാടുന്നതുമാണ് യുവതിയുടെ ശ്രദ്ധയിൽപെട്ടത്. തന്റെ അബായ അഴിച്ചെടുത്ത ശേഷം കൂടെയുണ്ടായിരുന്ന സുഹൃത്തിനോടും അവരുടെ അബായ അഴിച്ചു തരാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ യുവതി കാറിൽ നിന്നിറങ്ങിയോടി അത് അയാളുടെ ദേഹത്ത് പുതപ്പിക്കുകയും ചെയ്‌തു. ഉടൻ തന്നെ പൊലീസ്, ആംബുലൻസ്, പാരാ മെഡിക്കൽ ടീം എന്നിവർ സ്ഥലത്തെത്തി, യുവാവിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്‌തു.
Post Your Comments