ഉത്തരാഖണ്ഡ്: രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങളാണ് ചൈനീസ് അതിർത്തിയോടു ചേർന്നുള്ള ഗ്രാമങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇവിടങ്ങളിലെ ജനങ്ങൾ ചൈനയിലേക്കു കുടിയേറുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് അതിർത്തിയിൽ സേവനം ചെയ്യുന്ന ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസിനോട് (ഐടിബിപി) രാജ്നാഥ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇന്ത്യയുടെ സുരക്ഷ അപകടത്തിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹം ജോഷിമതിലെ ഫസ്റ്റ് ബറ്റാലിയൻ ക്യാംപിൽ ഐടിബിപി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
സർക്കാരിനു ഇത്തരം വിദൂര പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളിൽ സമ്പൂർണ വിശ്വാസമുണ്ടെന്ന് രാജ്നാഥ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ പരമാവധി പ്രാധാന്യം അതിർത്തിയിൽ താമസിക്കുന്ന ആളുകൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിർത്തിയിലെ ആളുകൾ ചൈനയിലേക്ക് കുടിയേറിയാൽ അത് രാജ്യസുരക്ഷ അപകടത്തിലാക്കുമെന്നും രാജ്നാഥ് വ്യക്തമാക്കി. നാലു ദിവസത്തെ സന്ദർശനത്തിനായി ഉത്തരാഖണ്ഡിലെത്തിയതായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഹൃദയത്തിന്റെ കേന്ദ്രഭാഗത്താണ് അതിർത്തിയിലെ ജനങ്ങൾക്ക് സ്ഥാനമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. അതിർത്തികളിൽ താമസിക്കുന്ന ജനങ്ങൾക്ക് സവിശേഷ സ്ഥാനം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments