മുംബൈ : പ്രമുഖ സിനിമ ടെലിവിഷന്‍, തീയേറ്റര്‍ കലാകാരനും പദ്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ (67) അന്തരിച്ചു. ത്വക്കിലെ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം പിന്നീട് നടത്തും.
മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ച ടോം ആള്‍ട്ടര്‍ നിരവധി ടെലിവിഷന്‍ ഷോകളിലും നിറഞ്ഞു നിന്ന താരമാണ്. 1990കളില്‍ അഞ്ചുവര്‍ഷത്തോളം സംപ്രേഷണം ചെയ്ത 39 ജുനൂന്‍ എന്ന സീരിയലിലെ അഭിനയമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
1950ല്‍ മസൂറിയിലാണ് അമേരിക്കന്‍ വംശജനായ ആള്‍ട്ടറിന്റെ ജനനം. യു.എസില്‍ പോയി പഠനം പൂര്‍ത്തിയാക്കിയ ശേഷം 1970ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. 1972ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയത്തില്‍ സ്വര്‍ണമെഡലോടെ ബിരുദം നേടി. അക്കാലത്ത് പൂനെ ഫിലിം ഇന്‍സ്റ്റിയൂട്ടില്‍ പ്രവേശനം ലഭിച്ച മൂന്നു പേരില്‍ ഒരാളായിരുന്നു ടോം. ഇന്ത്യയൊട്ടാകെയുള്ള 800 അപേക്ഷകളില്‍ നിന്നായിരുന്നു ടോം അടക്കം മൂന്ന് പേര്‍ക്ക് പ്രവേശനം ലഭിച്ചത്.
1976ല്‍ രാമാനന്ദ് സാഗറിന്റെ ചരാസില്‍ ധര്‍മേന്ദ്രയുടെ ബോസിന്റെ വേഷത്തിലാണ് ടോം എത്തിയത്. സത്യജിതച് റേയുടെ ഷത്രഞ്ജ് കെ ഖിലാഡി, ശ്യാം ബെനേഗയുടെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗാ മൈലി എന്നിവയും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്ത ടെലിവിഷന്‍ പരമ്പരകളാണ്. പ്രമുഖ സംവിധായകരായ വി.ശാന്താറാം, ഋഷികേശ് മുഖര്‍ജി, മന്‍മോഹന്‍ ദേശായ്, സുഭാഷ് ഘായ്, ചേതന്‍ ആനന്ദ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു. ദേവ് ആനന്ദിനെ നായകനാക്കി ചേതന്‍ ആനന്ദ് ഒരുക്കിയ സാഹേബ് ബഹാദൂര്‍ എന്ന സിനിമയാണ് ടോമിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വിമര്‍ശശ്രദ്ധ നേടിയ പരീന്ദ എന്ന സിനിമയില്‍ ഗുണ്ടാ തലവനായ മൂസയുടെ വേഷത്തിലെത്തിയ ടോമിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1990കളില്‍ മഹേഷ് ഭട്ടിന്റെ ആഷിഖി, കേതന്‍ മേത്തയുടെ സര്‍ദാര്‍,പ്രിയദര്‍ശന്റെ കാലാപാനി എന്നീ സിനിമകളിലും അഭിനയിച്ചു.
ബംഗാളി, ആസാമീസ്, തെലുങ്ക്, തമിഴ് ഭാഷകളിലെ സിനിമകളിലും ആള്‍ട്ടര്‍ അഭിനയിച്ചു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, വണ്‍ നൈറ്റ് വിത്ത് ദി കിംഗ് തുടങ്ങിയ വിദേശ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
Post Your Comments