ന്യൂഡല്‍ഹി: മുംബൈയിലെ ട്രെയിൻ ഗതാഗത സൗകര്യങ്ങള്‍ ശരിയാക്കാതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ.
മുംബൈയിലെ എല്ഫിന്സ്റ്റണ് കാല് നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേര് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിന് കാരണമായി റെയില്‍വെ പഴിക്കുന്നത് മഴയെ ആണെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.
മുംബൈ ലോക്കല്‍ സ്റ്റേഷനുകളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒക്ടോബര്‍ അഞ്ചിന് ചര്‍ച്ച് ഗേറ്റിലെ വെസ്റ്റേണ്‍ റെയില്‍വേ ഹെഡ്ക്വാട്ടേഴ്സിലേക്ക് പ്രതിഷേധറാലി നടത്താൻ തീരുമാനമായെന്നും, ലോക്കല്‍ റെയില്‍ സംവിധാനവുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളുമടങ്ങുന്ന പട്ടിക അതേദിവസം റെയില്‍വേക്ക് കൈമാറുമെന്ന് താക്കറെ പറഞ്ഞു.
സമയപരിധിക്കുള്ളില്‍ ഇക്കാര്യങ്ങളില്‍ മാറ്റംകൊണ്ടുവന്നില്ലെങ്കില് എന്താണ് സംഭവിക്കുകയെന്ന് അപ്പോള്‍ കാണാമെന്നും, റെയില്‍വെ സ്റ്റേഷനുകളിലെ നടപ്പാലങ്ങളിലെ അനധികൃത വ്യാപാരികളെ പുറത്താക്കാന്‍ റെയില്‍വെ അധികൃതര്‍ക്ക് സമയപരിധി നല്‍കുമെന്നും അതിനുള്ളില്‍ അവരെ ഒഴിപ്പിച്ചില്ലെങ്കില്‍ അക്കാര്യം തങ്ങള്‍ സ്വയം സ്വയം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Post Your Comments