maintenance
ഷാര്‍ജ : ഇന്ത്യയ്ക്കു പുറത്ത് എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് മെയിന്റനന്‍സ് കേന്ദ്രം ഷാര്‍ജ സെയ്ഫ് സോണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെയും ലൈന്‍ മെയിന്റനന്‍സാണ് ഷാര്‍ജയിലെ കേന്ദ്രത്തില്‍ നടത്തുകയെന്ന് എയര്‍ ഇന്ത്യ ഫിനാന്‍സ് ഡയറക്ടര്‍ വിനോദ് ഹെജ്മാദി പറഞ്ഞു. പിന്നീട് ജെറ്റ് എയര്‍വെയ്സ് ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും ഏറ്റെടുക്കും. വിദേശ എയര്‍ലൈനുകളെയും ലക്ഷ്യമിടുന്നുണ്ട്. പ്രീ-ഫ്ളൈറ്റ് ഇന്‍സ്പെക്ഷന്‍, അപ്രൂവ്ഡ് മെയിന്റനന്‍സ്, വീക്ലി ഇന്‍സ്പെക്ഷന്‍ തുടങ്ങിയവയാണ് ലൈന്‍ മെയിന്റനന്‍സില്‍ ഉള്‍പ്പെടുക. 40 മിനിറ്റ് കൊണ്ട് ഒരു വിമാനത്തിന്റെ സര്‍വീസ് പൂര്‍ത്തിയാക്കും. നാലു സാങ്കേതിക വിദഗ്ധരാണ് നിലവിലുള്ളത്.
കൂടുതല്‍ എന്‍ജിനീയര്‍മാരെ ഉള്‍പ്പെടുത്തി കേന്ദ്രം വിപുലീകരിക്കുന്നതോടെ വിമാനങ്ങളുടെ എല്ലാ അറ്റകുറ്റപ്പണിയും ഇവിടെ ചെയ്യാനാകും. റാസല്‍ഖൈമയിലും ഉടന്‍ ഇത്തരമൊരു കേന്ദ്രം തുടങ്ങും. ഇതിനുള്ള ലൈസന്‍സ് കിട്ടിക്കഴിഞ്ഞു. അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളിലും വൈകാതെ സേവന കേന്ദ്രം തുടങ്ങും. കേന്ദ്രം വിപുലീകരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്ന് സെയ്ഫ് സോണ്‍ ഡപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ബിസിനസ് ഡവലപ്മെന്റ്) റയീദ് അബ്ദുല്ല ബുഖാതിര്‍ പറഞ്ഞു. വ്യോമയാന മേഖല വന്‍ വളര്‍ച്ച നേടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കേന്ദ്രത്തിനു പ്രാധാന്യമേറെയാണ്. അറ്റകുറ്റപ്പണിയുടെ ചെലവു കുറയ്ക്കാനും സമയനഷ്ടം ഇല്ലാതാക്കാനും ഇതുവഴി കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
Post Your Comments