അബുദാബി: പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ അംഗീകാരം നൽകി. വീട്ടുവേലക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍വിഭാഗങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. മൂന്ന് മാസത്തെ ശമ്പളം ലഭിക്കാത്ത വീട്ടുവേലക്കാരി, ഹൗസ് ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെതന്നെ മറ്റൊരാളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ തൊഴില്‍ മന്ത്രാലയം അനുവദിക്കും.
തൊഴിലാളികളുടെ മുഴുവന്‍ അവകാശങ്ങളും അംഗീകരിക്കുന്ന നിയമം തൊഴിലാളികളും തൊഴില്‍ദാതാക്കളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന് സ്വദേശീവത്കരണ മാനവശേഷി വികസനമന്ത്രി സഖര്‍ ഗൊബാഷ് സായിദ് ഗൊബാഷ് വ്യക്തമാക്കി. നിയമാനുസൃതം അനുമതിയില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments