ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതോടെ ബില്ല് ഈ വര്‍ഷം സെനറ്റില്‍ പാസാക്കാനാകില്ല.
സെപ്തംബര്‍ 30നകം സെനറ്റില്‍ ബില്ല് വോട്ടിനിട്ട് പാസാക്കാനായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നീക്കം. പദ്ധതി റദ്ദാക്കുന്നതിന് 100 അംഗ സെനറ്റില്‍ 51 വോട്ടുവേണം. റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത് 52 അംഗങ്ങളാണ്. ഇതില്‍ മൂന്ന് പേര്‍ ബില്ലിനെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയതാണ് ട്രംപിന് തിരിച്ചടിയായത്. ആരോഗ്യപരിരക്ഷാ പദ്ധതി നര്‍ത്തലാക്കുകയല്ല വേണ്ടത്. പകരം നികുതി സമ്പ്രദായത്തിലെ സമഗ്ര പരിഷ്‌കാരത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് സെനറ്റര്‍മാര്‍ നിലപാടെടുക്കുകയായിരുന്നു.
നടപടിയെ എതിര്‍ത്ത റിപ്പബ്ലിക്കന്‍ സെനറ്റംഗങ്ങള്‍ക്കെതിരേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സെനറ്റംഗങ്ങള്‍ നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് പദ്ധതി റദ്ദാക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടം പിന്‍വലിച്ചത്.
Post Your Comments