മധുര: തമിഴ്‌നാട്ടില്‍ ക്ഷേത്രാചാരങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കി പൂജാരിക്കൊപ്പം താമസിപ്പിച്ച സംഭവത്തിൽ കളക്ടർ നടപടിക്കൊരുങ്ങുന്നു. വെള്ളല്ലൂര്‍ ക്ഷേത്രത്തിലാണ് സംഭവം. ഇത്തരത്തിൽ രണ്ട് ആഴ്ചയാണ് പെൺകുട്ടികളെ ക്ഷേത്രത്തിൽ പാർപ്പിക്കുന്നത്. പട്ടുസാരികൊണ്ട് തറ്റുടുത്ത് തലയില്‍ ധാന്യം നിറച്ച് കൊട്ടയുമായാണ് ഓരോ പെണ്‍കുട്ടിയും ക്ഷേത്രത്തിലേക്കുന്നത്. ആ ധാന്യക്കൊട്ട ഇവരില്‍ നിന്ന് പൂജാരി ഏറ്റുവാങ്ങുകയും തുടര്‍ന്ന് കുട്ടികള്‍ ക്ഷേത്രത്തിന് പുറത്തുള്ള ജലസംഭരണിയില്‍ നിന്ന് വെള്ളമെടുത്ത് ദേഹശുദ്ധി വരുത്തുകയും ചെയ്‌ത ശേഷം രണ്ടാഴ്ചയോളം ഇവരെ ക്ഷേത്രത്തിനുള്ളിൽ താമസിപ്പിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് മാറ് മറയ്ക്കാന്‍ ചില ആഭരണങ്ങള്‍ മാത്രമാണ് നല്കിയിട്ടുള്ളതെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. പത്ത് മുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളെയാണ് ഈ ആചാരത്തിനായി തെരഞ്ഞെടുക്കുക. അതേസമയം കാലങ്ങളായി തുടര്‍ന്നുപോരുന്ന ആചരം മാത്രമാണിതെന്നും യാതൊരു വിധത്തിലുള്ള ഉപദ്രവമോ ചൂഷണമോ ഇതിനോടനുബന്ധിച്ച് കുട്ടികള്‍ നേരിടേണ്ടി വരുന്നില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി ജില്ലാ കളക്ടര്‍ കെ.വീരരാഘവ റാവു അറിയിച്ചു. എന്നാലും മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടികളെ പൂര്‍ണമായും വസ്ത്രമണിയിക്കണമെന്ന് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments