ദ്വാരക: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്ന് തുടക്കമാകും. തുറന്ന ജീപ്പിലെ റോഡ് ഷോയ്ക്കു പൊലീസ് അനുവാദം നൽകാതിരുന്നതിനെത്തുടർന്നു ചിലയിടങ്ങളിൽ കാളവണ്ടിയിലാണു രാഹുലിന്റെ പര്യടനം നടക്കുക. ദ്വാരകയിലെ ദ്വാരകാധീഷ് കൃഷ്ണ ക്ഷേത്രത്തിലെ പ്രാർഥനയ്ക്കുശേഷമാണ് രാഹുലിന്റെ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ജാംനഗറിലെത്തുന്ന അദ്ദേഹം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വച്ചു ജനങ്ങളുമായി സംവദിക്കും.
സിസിടിവി ക്യാമറകൾ പ്രത്യേകമായി ഘടിപ്പിച്ച ബസിലാകും രാഹുലിന്റെ യാത്ര. എന്നാൽ ദ്വാരകയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഹൻജ്റാപർ ഗ്രാമത്തിൽ കാളവണ്ടിയിലാകും രാഹുൽ പ്രവേശിക്കുകയെന്നാണ് സൂചന. രാഹുലിന്റെ ത്രിദിന പര്യടനത്തോടെ പ്രാദേശികമായി വിഘടിച്ചുനിൽക്കുന്ന നേതാക്കളിൽപ്പോലും സ്വാധീനം ചെലുത്തി പ്രവർത്തനം ഊർജിതമാക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
Post Your Comments