KeralaLatest NewsNews

ബന്ധുക്കളെ അമ്പരപ്പിച്ച് സംസ്കാരച്ചടങ്ങിനിടെ മരിച്ച യുവാവ് കണ്ണുതുറന്നു

കാസര്‍ഗോഡ്‌: സംസ്കാരച്ചടങ്ങിനിടെ മരിച്ച യുവാവ് കണ്ണ് തുറന്നു. കാസര്‍ഗോഡ്‌ ആദൂര്‍ കൊയക്കുട്ലുവിലെ ലക്ഷ്മണനാണ് തന്റെ ശവദാഹത്തിനുള്ള ഒരുക്കത്തിനിടെ ബന്ധുക്കളെ അമ്പരപ്പിച്ച് കണ്ണുതുറന്നത്.

ഒരാഴ്ച മുമ്പ് ലക്ഷ്മണനെ ആദൂര്‍ പോലീസ് സ്റ്റേഷന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ലക്ഷ്മണനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവാണ് സഹായിയായി ഒപ്പമുണ്ടായിരുന്നത്. ലക്ഷ്മണനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അടിയേറ്റതിനെ തുടര്‍ന്നാണ് ലക്ഷ്മണന് പരിക്കേറ്റതെന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി യുവാവിന്റെ മൊഴിയെടുക്കുകയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

ഇതിനിടെ ആശുപത്രിയിലുള്ള സഹായിയാണ് ലക്ഷ്മണന്‍ മരിച്ചുവെന്നും ആംബുലന്‍സ് കൊണ്ടുവരണമെന്നും ബന്ധുക്കളെ ഫോണില്‍ അറിയിച്ചത് . ബന്ധുക്കള്‍ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ ലക്ഷ്ണമണനെയും കൊണ്ട് വീട്ടിലെത്തുകയും ചെയ്തു. സംസ്കാരചടങ്ങിനുള്ള ഒരുക്കം നടക്കുന്നതിനിടെ ആംബുലന്‍സില്‍ നിന്നും ഇറക്കിയ ലക്ഷ്മണന്‍ കണ്ണുതുറക്കുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ആദൂര്‍ പോലീസെത്തുകയും ജീവനുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ലക്ഷ്മണന്‍.

shortlink

Post Your Comments


Back to top button