തിരുവനന്തപുരം•ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തിരുവനന്തപുരത്തെത്തി. 3.15 ന് ഷാര്‍ജയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് (SH01) അദ്ദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. അല്‍ ഖാസിമിയെ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചു. അറിയിച്ചതിലും ഒരു മണിക്കൂര്‍ നേരത്തെയാണ് ഷാര്‍ജ ഭരണാധികാരി എത്തിയത്. 24 മുതല്‍ 28 വരെ കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
25ന് രാവിലെ 10.55ന് രാജ്ഭവനിലെത്തുന്ന സുല്‍ത്താന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായി രാജ്ഭവനില്‍ ആശയവിനിമയം നടത്തും. ഉച്ചയ്ക്ക് 12.45ന് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. വൈകിട്ട് 6.30ന് കോവളം ഹോട്ടല്‍ ലീലാ റാവിസില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.
26ന് രാവിലെ 10.25ന് ക്‌ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 11 മണിക്ക് രാജ്ഭവനിലേക്ക് തിരിക്കും. 11.15 ന് രാജ്ഭവനിലെത്തുന്ന അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംബന്ധിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഹോട്ടല്‍ ലീലാ റാവിസില്‍ വിദ്യാഭ്യാസ മന്ത്രി അദ്ദേഹത്തിനായി വിരുന്നൊരുക്കും. ”സുല്‍ത്താനും ചരിത്ര രേഖകളും” എന്ന വിഷയത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് വഴുതയ്ക്കാട് ഹോട്ടല്‍ താജ് വിവാന്റയില്‍ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഭാഷണം നടത്തും. തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. 27ന് കൊച്ചിയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. 28ന് സുല്‍ത്താന്‍ മടങ്ങും.
Post Your Comments