കോട്ടയം: പ്രമുഖ കാര്‍ കമ്പനിയുടെ പേരില്‍ രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഇത്തവണ ലക്ഷങ്ങള്‍ നഷ്ടമായത് എസ്.എം.എസ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നിരന്തരം ജാഗ്രതാ പരസ്യങ്ങള്‍ നല്കുന്ന കേന്ദ്ര ധനകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥയില്‍ നിന്ന് . വ്യാജ എസ്.എം.എസിലൂടെയാണ് മാഫിയ സംഘം ഇവരില്‍ നിന്ന് 14 ലക്ഷം തട്ടിയത് .
പ്രമുഖ കാര്‍ കമ്പനിയുടെ നറുക്കെടുപ്പില്‍ 2.35 കോടി സമ്മാനം അടിച്ചെന്ന് ലഭിച്ച എസ്.എം.എസിനു പിന്നാലെ പോയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കാണ് പണം നഷ്ടമായത്. ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിന് ഇവര്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ നൈജീരിയയില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പണം നിക്ഷേപിച്ച അക്കൗണ്ടുകളെല്ലാം അസമിലെയും മിസോറാമിലെയും സാധാരണക്കാരായ തൊഴിലാളികളുടെ പേരിലുള്ളതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജീവനക്കാരിയുടെ പരാതി ഇങ്ങനെ:
കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ വിഭാഗത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുകയാണ് ആന്ധ്ര സ്വദേശിയായ ഉദ്യോഗസ്ഥ. ഇവര്‍ അവധിക്കായി നാട്ടില്‍ പോയ സമയത്താണ് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ രണ്ടേകാല്‍ കോടി അടിച്ചെന്ന് എസ്.എം.എസ് സന്ദേശം ലഭിച്ചത്. പണം ലഭിക്കാന്‍ നിശ്ചിത തുക അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ എസ്.എം.എസ് വഴി ലഭിച്ച അക്കൗണ്ടിലേയ്ക്കു പണം ട്രാന്‍സ്ഫര്‍ ചെയ്തു. ആന്ധ്രയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് ഇവര്‍ നിര്‍ദേശിച്ച തുക കൈമാറിയത്. പിന്നീടും തട്ടിപ്പ് സംഘം വിളി തുടര്‍ന്നതോടെ വിവിധ അക്കൗണ്ടുകളിലൂടെ 14 ലക്ഷത്തോളം രൂപ ഇവര്‍ നിക്ഷേപിച്ചു. മിസോറാം, അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങലിലുള്ള അക്കൗണ്ടുകളിലേയ്ക്കാണ് ഇവര്‍ പണം നിക്ഷേപിച്ചത്. ന്യൂഡല്‍ഹി നോയിഡയിലെ എ.ടി.എമ്മില്‍ നിന്നാണ് പണം മുഴുവന്‍ പിന്‍വലിച്ചിരിക്കുന്നത്.
പല തവണ പണം നിക്ഷേപിച്ചിട്ടും സമ്മാനത്തുക ലഭിക്കാതെ വന്നതോടെയാണ് താന്‍ തട്ടിപ്പിനു ഇരയായ കാര്യം ഉദ്യോഗസ്ഥയ്ക്ക് മനസിലായത്. ഇതേ തുടര്‍ന്നാണ് അവര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഡിവൈ.എസ്.പി സഖറിയ മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments