ന്യൂഡല്‍ഹി: നോയിഡയില്‍ ഒാടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത നിഷേധിച്ച് 24കാരി. യുവതി വാര്‍ത്ത നിഷേധിച്ച വിവരം നോയിഡ റൂറല്‍ എസ്.പി സുനിതിയാണ് ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. ദേഷ്യം കൊണ്ടാണ് താന്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞതായും നോയിഡ പോലീസ് അറിയിച്ചു. ആദ്യം നല്‍കിയ പരാതി ശരിയല്ലെന്ന് യുവതി രേഖാമൂലം എഴുതി കൊടുത്തതായി നോയിഡ പോലീസ് പി ആര്‍ ഒ മനീഷ് സക്സേന വ്യക്തമാക്കി. ഭയം കൊണ്ടാണോ യുവതി നിലപാടു മാറ്റിയതെന്നും അന്വേഷിക്കുമെന്നും സക്സേന പറഞ്ഞു.
വാഹനത്തിലെത്തിയ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.50 നാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ടര്‍ 39 പോലീസാണ് പരാതി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനയ്ക്ക് വിധേയയാകാതെ ഇവര്‍ വീട്ടിലേക്കു പോയി. തുടര്‍ന്ന് ഇവരെ വീണ്ടും വൈദ്യപരിശോധനയക്ക് കൊണ്ടുവന്നു. അപ്പോള്‍ പരിശോധനയ്ക്ക് വിധേയയാകാന്‍ യുവതി വിസമ്മതം പ്രകടിപ്പിക്കുകയും അക്കാര്യം ഡോക്ടര്‍ക്ക് എഴുതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് താന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചത്.
രണ്ടുപേര്‍ക്കെതിരെ ആയിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ഓട്ടോറിക്ഷ കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ വന്ന രണ്ടു പേര്‍ ബലമായി വാഹനത്തില്‍ വലിച്ചു കയറ്റിയെന്നും ഡല്‍ഹിയിലെയും നോയിഡയിലെയും വിവിധയിടങ്ങളില്‍ യുവതിയുമായി കാറില്‍ സഞ്ചരിച്ച പ്രതികള്‍ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.
Post Your Comments