ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറില്‍ കൃത്രിമം കാണിക്കുന്നവർക്ക് ഇനി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും. മൊബൈല്‍ ഫോണ്‍ മോഷണങ്ങളും മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകളെ കണ്ടുപിടിക്കാതിരിക്കാന്‍ ഐഎംഇഐ നമ്പർ മാറ്റുന്നത് രാജ്യത്ത് പതിവായിരിക്കുകയാണ്.
ഇത് തടയുന്നതിന് വേണ്ടിയാണ് സർക്കാർ ഇത്തരത്തിലൊരു നടപടി എടുക്കുന്നത്.ഇന്ത്യന്‍ ടെലഗ്രാഫ് ആക്റ്റിന്റെ സെക്ഷന്‍ 7ഉം സെക്ഷന്‍ 25ഉം ചേര്‍ത്താണ് പുതിയ നിയമം ഉണ്ടായിരിക്കുന്നത്. ഒരോ ഹാന്റ്സെറ്റിന്റെയും തിരിച്ചറിയല്‍ നമ്പറാണ് ഐഎംഇഐ നമ്പര്‍. ഒരു ഫോണില്‍ നിന്നും വിളിക്കുമ്പോള്‍ ആ ഫോണിന്റെ ഐഎംഇഐ നമ്പറും ഫോണ്‍ നമ്പറും ശേഖരിക്കപ്പെടുന്നുണ്ട്.
ഫോണ്‍ നമ്പര്‍ മാറ്റിയാലും ഐഎംഇഐ നമ്പറില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ പ്രത്യേകം സംവിധാനങ്ങള്‍ ഉപയോഗിച്ച് സാങ്കേതിക ജ്ഞാനമുള്ള ഒരാള്‍ക്ക് അത് സാധ്യമാണ്. ഗ്ലോബല്‍ ഇന്‍ഡസ്ട്രി ബോഡിയായ ജിഎസ്‌എം അസോസിയേഷനോ അല്ലെങ്കില്‍ അത് ചുമതലപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും സമിതിയോ ആണ് ഐഎംഇഐ നമ്പറുകള്‍ ഫോണുകള്‍ക്ക് നല്‍കുന്നത്.
Post Your Comments