ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കുപ്രചരണം നടത്തി കലാപത്തിന് ആഹ്വാനം നല്കുന്ന ചില സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. നുണപ്രചാരണങ്ങള്‍ നടത്തുന്നവരുടെ ലക്ഷ്യങ്ങള്‍ എല്ലാവര്ക്കും അറിയാം. ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ നടപടിയും ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം വരികയും, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവിലെ നിയമപ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീര്‍ഘകാല നിയമപോരാട്ടം നടന്നതിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട കോടതിയാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഭണ്ഡാരത്തിന്റെയും, ലോക്കറുകളുടെയും താക്കോല്‍ കൈമാറിയാല്‍ ക്രമക്കേടുകളുടെ തെളിവ് പുറത്തുവരുമെന്ന് ഭയന്നാകാം പഴയ ഭരണസമിതി ഭാരവാഹികള്‍ അതിന് തയ്യാറായില്ല. ക്ഷേത്രം ഏറ്റെടുത്തതിനെതിരെ ഭരണസമിതി ഭാരവാഹികള്‍ വീണ്ടും കോടതിയില്‍ പോയപ്പോള്‍ സ്റ്റേ കിട്ടി. എന്നാല്‍ മാസങ്ങള്‍ക്കകം, സ്റ്റേ റദ്ദ് ചെയ്ത് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനുള്ള ഉത്തരവ് ബഹുമാനപ്പെട്ട ഹൈക്കോടതി പുന:സ്ഥാപിച്ചു. ആ ഉത്തരവ് നടപ്പിലാക്കാന്‍ എത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായത്. ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത് വിശ്വാസികളും, ക്ഷേത്ര ജീവനക്കാരും തന്നെയാണ്. ഇത് മറച്ചുവെച്ച് സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?
സ്വത്ത് കൈയടക്കാനാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ. കുമ്മനം രാജശേഖരന് പ്രസ്താവിച്ചതായി കണ്ടു. ക്ഷേത്രസ്വത്ത് അന്യാധീനപ്പെട്ട് പോകുന്നത് തടയാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ക്ഷേത്രം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികണക്കിന് രൂപ ഗ്രാന്റ് നല്കി സഹായിക്കുന്നത് മറച്ചുവെച്ച് ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് കൊണ്ടുപോകുന്നുവെന്ന കള്ള പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒരു ക്ഷേത്രത്തിലെയും പണം സര്‍ക്കാര്‍ എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രവരുമാനം അതാത് ക്ഷേത്രങ്ങളുടെയും, മറ്റ് ക്ഷേത്രങ്ങളുടെയും ദൈനംദിന ചെലവുകള്‍ക്കും, ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും, വികസനപ്രവര്‍ത്തനങ്ങള്‍ക്കുമാണ് പണം ചെലവഴിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കിയിട്ട് കാര്യമില്ലെന്ന് മനസിലാക്കണം.
ക്ഷേത്രത്തിലെ കാണിക്ക പണം പോലും ഒരു കണക്കും കാണിക്കാതെ ഏതാനും വ്യക്തികളോ, തട്ടിക്കൂട്ട് സംഘങ്ങളോ ദുരുപയോഗം ചെയ്യുന്നതാണോ, അതോ ദേവസ്വം ബോര്‍ഡുകള്‍ വഴി കൃത്യമായി ഓഡിറ്റിംഗ് നടത്തി ആധികാരികമായി ദൈനംദിന ഭരണം നടത്തുന്നതാണോ അഭികാമ്യമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.
ഹൈന്ദവആരാധനാലയങ്ങള്‍ മാത്രം മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതായും കണ്ടു.തെറ്റിദ്ധാരണ മൂലമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് കരുതുകയാണ്. തര്‍ക്കത്തെയും സംഘര്‍ഷത്തെയും തുടര്‍ന്ന് നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും, മുസ്ലീം പള്ളികളും അടച്ചിട്ടുണ്ട് ഇതേ കേരളത്തില്‍. 100 വര്‍ഷത്തോളം പഴക്കമുള്ള കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമഅത്ത് പള്ളി, കക്കോവ് ജുമാമസ്ജിദ്, ചാമപ്പറമ്പ് ജുമാമസ്ജിദ്, തൃക്കുന്നത്ത് പള്ളി, മാമലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് പള്ളി തുടങ്ങി നിരവധി ദേവാലയങ്ങള്‍ അടച്ചുപൂട്ടിയ സംഭവങ്ങള്‍ക്ക് സാക്ഷികളാണ് നാം. ഇവിടെ ക്രമക്കേട് മൂലം ഭരണം താളം തെറ്റിയ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് നടക്കുന്നതെന്ന് മനസിലാക്കി, സംഘര്‍ഷമേഖലയായി ക്ഷേത്രഭൂമി മാറ്റാതെ പിന്തിരിയാന് കുഴപ്പക്കാരെ ഉപദേശിക്കാനാണ് കുമ്മനംജി തയ്യാറാകേണ്ടത്. വര്‍ഗീയ വിഷം വമിക്കുന്ന മറ്റ് ചിലരുടെ പ്രസ്താവനകള്‍ പ്രതികരണയോഗ്യമല്ലാത്തതാണ്. അതിക്രമത്തിന് ആഹ്വാനം ചെയ്യുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും.
– കടകംപള്ളി സുരേന്ദ്രന്
ദേവസ്വം മന്ത്രി.
Post Your Comments