ബെയ്ജിങ് : ആഗോള റേറ്റിംഗ് ഏജന്‍സി ചൈനയുടെ റേറ്റിങ് വെട്ടിക്കുറച്ചു. വര്‍ധിച്ചുവരുന്ന കടബാധ്യത കണക്കിലെടുത്താണ് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ് പി) ചൈനയുടെ ക്രെഡിറ്റ് റേറ്റിങ് വെട്ടിക്കുറച്ചത്. എഎ മൈനസില്‍നിന്ന് എ പ്ലസ് ആയിട്ടാണ് ക്രെഡിറ്റ് റേറ്റിങ് കുറച്ചത്. നിക്ഷേപത്തിനോ വായ്പ നല്‍കുന്നതിനോ വേണ്ട സാമ്പത്തികഭദ്രത ഒരു രാജ്യത്തിനുണ്ടോയെന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.
1999-നുശേഷം ഇതാദ്യമായാണ് ചൈനയുടെ ക്രെഡിറ്റ് റേറ്റിങ് എസ് ആന്‍ഡ് പി കുറയ്ക്കുന്നത്. അടിസ്ഥാനസൗകര്യമേഖലയിലും മറ്റും കടം എടുത്തുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ചൈനയുടെ സമ്പദ്‌മേഖലയുടെ വികസനത്തിന് സഹായമായി.എന്നാല്‍, ഇത് സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമായേക്കും എന്ന കണക്കുകൂട്ടലിലാണ് റേറ്റിങ് കുറയ്ക്കുന്നതെന്നും ഏജന്‍സി പറഞ്ഞു. ഈവര്‍ഷം മേയില്‍ മറ്റൊരു ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസും ചൈനയുടെ റേറ്റിങ് കുറച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ ജൂലായില്‍ മറ്റൊരു ഏജന്‍സിയായ ഫിച്ച് ചൈനയുടെ റേറ്റിങ് എ പ്ലസ് ആയി നിലനിര്‍ത്തിയിരുന്നു. 19-ാം പാര്‍ട്ടികോണ്‍ഗ്രസ് അടുത്തമാസം നടക്കാനിരിക്കെ ആഗോള ഏജന്‍സി ക്രെഡിറ്റ് റേറ്റിങ് കുറച്ചത് ചൈനീസ് സര്‍ക്കാരിന് തിരിച്ചടിയായി. അടുത്ത രണ്ടുമൂന്നുവര്‍ഷത്തേക്കെങ്കിലും ചൈനയുടെ പൊതുകടം ഉയരുന്നത് തുടരും -ഏജന്‍സി പറഞ്ഞു. അതിനിടെ ചൈനയുടെ രണ്ടാംപാദ വളര്‍ച്ച പ്രതീക്ഷിച്ചതിലും ഉയര്‍ന്ന് 6.9 ശതമാനമായി. എന്നാല്‍, ഈ വളര്‍ച്ച ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ലെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments