ആലുവ•ആലുവ സബ്ജയിലിന് സമീപം വാടകവീട്ടില്‍ നിന്ന് കഴിഞ്ഞദിവസം പിടിയിലായ പെണ്‍വാണിഭ സംഘത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് ഇരുകാലുകളും തളര്‍ന്ന നസീറ എന്ന യുവതി. നസീറയുടെ കാലുകള്‍ ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് തളര്‍ന്നുപോയതാണ്. ആലുവ കേന്ദ്രീകരിച്ച് നിരവധി വര്‍ഷങ്ങളായി നസീറ പെണ്‍വാണിഭം നടത്തി വരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സ്ഥിരമായി ഒരിടത്ത് നില്‍ക്കില്ല. ആലുവയിലെ വിവിവ പ്രദേശങ്ങളില്‍ മാറി മാറി വീടുകള്‍ വടയ്ക്കെടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തിവന്നിരുന്നത്.
ഒടുവില്‍ ആലുവ സബ്ജയില്‍ ഗ്രൗണ്ടിന് സമീപം വീട് വാടയ്ക്കെടുത്ത് വാണിഭം നടത്തി വരുമ്പോഴാണ് നസീറ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍, കോടതി, തുടങ്ങിയ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന അതീവ സുരക്ഷാ മേഖലയില്‍ ഇത്തരമൊരു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നത് അതിശയമാണ്.
ചന്ദനപ്പറമ്പില്‍ പാറപ്പുറത്ത് വീട്ടില്‍ നസീറ, മൂവാറ്റുപുഴ സ്വദേശി എല്‍ദോസ്, കളമശേരി കുസാറ്റ് വിദ്യാനഗര്‍ സ്വദേശി ഹംസക്കോയ എന്നിവരും ഇടപാടുകാരായ അങ്കമാലി തുറവൂര്‍ മൂഞ്ഞേലി ഷിയോ(34), പട്ടിമറ്റം കണ്ടനാലില്‍ ബെന്നി(45) എന്നിവരുമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ നടന്ന റെയ്ഡില്‍ പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ നസീറ, എല്‍ദോസ്, ഹംസക്കോയ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇടപാടുകാരായ പുരുഷന്മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പെണ്‍വാണിഭ സംഘത്തിന്റെ ഇരയായ യുവതിയ്ക്കെതിരെ കേസെടുത്തിരുന്നില്ല.
ലോക്കാന്റോ എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റ് വഴിയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഈ വെബ്സൈറ്റിലെ പരസ്യത്തിലെ നമ്പരില്‍ വിളിക്കുന്നവര്‍ക്ക് എല്‍ദോസിനെയാകും ഫോണില്‍ ലഭിക്കുക. കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞാല്‍, വാട്സ്ആപ്പ് വഴി എല്‍ദോസ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈമാറും. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് ആവശ്യക്കാര്‍ വീണ്ടും വിളിച്ചാല്‍ പിന്നെ കാശും സമയവും ഉറപ്പിച്ച് എല്‍ദോസ് തന്നെയാണ് ഇടപാടുകാരെ ആലുവയിലെ വീട്ടിലെത്തിച്ചിരുന്നത്.
നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ പള്ളുരുത്തി സ്വദേശിനിയായ ഒരു യുവതിയെ പോലീസ് ഇവിടെ നിന്നും മോചിപ്പിച്ചിരുന്നു. പള്ളുരുത്തി സ്വദേശിനിയായ യുവതി ഇടയ്ക്കിടെ വീട്ടിലെത്തുന്നത് കണ്ട് അയല്‍വാസികള്‍ ചോദിച്ചപ്പോള്‍ തന്റെ അനിയത്തിയാണെന്നാണ് നസീറ മറുപടി പറഞ്ഞിരുന്നത്. ഇത്തരത്തില്‍ നഗരത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥിനികള്‍ പെണ്‍വാണിഭ സംഘത്തിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന.
നസീറയുടെ വീട്ടില്‍ അസമയത്തും അല്ലാതെയും അപരിചിതരും വാഹനങ്ങളും വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തോളം മഫ്തിയില്‍ പരിസരം നിരീക്ഷിച്ച് പെണ്‍വാണിഭമാണെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു റെയ്ഡ്. പിടിയിലായ സംഘത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments