Latest NewsNewsInternational

ബാലികയെ മാനഭംഗത്തിന് ഇരയാക്കി കൊന്നയാളെ പൊതുജനമധ്യത്തിൽ കയ്യടികൾക്കിടെ തൂക്കിലേറ്റി

ടെഹ്റാൻ : ഏഴു വയസ്സുകാരിയെ മാനഭംഗത്തിന് ഇരയാക്കി കൊന്നയാളെ പൊതുജനമധ്യത്തിൽ കയ്യടികൾക്കിടെ തൂക്കിലേറ്റി. ശിക്ഷ നടപ്പാക്കിയത് ഇറാനിലെ ആർദബിൽ പ്രവിശ്യയിലുള്ള വടക്കുപടിഞ്ഞാറൻ പട്ടണമായ പർസാബാദിലാണ്. പിഞ്ചുബാലികയെ അതിക്രമത്തിന് ഇരയാക്കിയതിന്റെ പേരിൽ 42–കാരനായ ഇസ്മയീൽ ജാഫർസാദെ എന്നയാളെയാണ് തൂക്കിലേറ്റിയത്.

പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് കാണാൻ വൻ ജനാവലി അണിനിരന്നിരുന്നു. ഈ ജനക്കൂട്ടം നിറഞ്ഞ കയ്യടികളോടെയാണ് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇത്തരം കിരാതമായ കുറ്റകൃത്യങ്ങൾ മൂലം മനഃസമാധാനം നഷ്ടമായ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനും പൗരൻമാരുടെ സുരക്ഷിതത്വ ബോധം പുനഃസ്ഥാപിക്കുന്നതിനുമാണ് പൊതുജനമധ്യത്തിൽ വധശിക്ഷ നടപ്പാക്കിയതെന്ന് ആർദബിൽ പ്രവിശ്യയിലെ പ്രോസിക്യൂട്ടർ നാസർ അത്താബത്തി വ്യക്തമാക്കി.

ഇറാനിൽ വൻ വാർത്താ പ്രാധാന്യം നേടിയതായിരുന്നു ഇക്കഴി‍ഞ്ഞ ജൂൺ 19ന് തെരുവോര കച്ചവടക്കാരനായ പിതാവിനൊപ്പം സഞ്ചരിക്കുമ്പോൾ വഴിതെറ്റിപ്പോയ അതേനാ അസ്‍‌ലാനി എന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലിൽ പ്രതിയായ ഇസ്മയീലിന്റെ വീട്ടിലെ ഗാരേജിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി ആളുകൾ ഒന്നാകെ സംഘടിച്ചിരുന്നു.

സംഭവത്തെ ‘ഭീകരം’ എന്നു വിശേഷിപ്പിച്ച ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് അവസാന വാരത്തോടെ ആരംഭിച്ച വിചാരണയ്ക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. സെപ്റ്റംബർ 11ന് ഇറാൻ സുപ്രീം കോടതിയും പ്രതിയുടെ വധശിക്ഷ ശരിവച്ചതോടെയാണ് പരസ്യമായി ശിക്ഷ നടപ്പാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button