ദുബായ്: ദുബായിലെ കാഴ്ചകള്‍ കാണാനെത്തിയ സ്പാനിഷ് യുവതിയ്ക്ക് നഷ്ടമായ മൊബൈല്‍ ഫോണ്‍ വീട്ടിലേക്ക് അയച്ചു കൊടുത്ത് ദുബായ് പോലീസ്. ദുബായ് സന്ദര്‍ശിച്ചപ്പോഴാണ് സ്പാനിഷ് യുവതിയ്ക്ക് ഫോണ്‍ നഷ്ടമായത്. ദുബായ് യാത്രയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ സ്മാര്‍ട്ട്ഫോണ്‍ നഷ്ടപ്പെട്ട വിഷമത്തില്‍ ഇരിയ്ക്കുമ്പോഴാണ് സ്പാനിഷ് യുവതിയ്ക്ക് ഒരു പാര്‍സല്‍ ലഭിയ്ക്കുന്നത്. പാര്‍സല്‍ തുറന്നു നോക്കിയ യുവതി ഞെട്ടി.ദുബായ് പോലീസിന്റെ സമ്മാനം. സമ്മാനത്തോടൊപ്പം നഷ്ടപ്പെട്ട തന്റെ ഫോണും ദുബായ് പോലീസ് അയച്ചു തന്നിരിയ്ക്കുന്നു.
കളഞ്ഞുപോയ ഫോണ്‍ തിരികെ കിട്ടിയതിലുള്ള സന്തോഷം കാരണം താന്‍ തുള്ളിച്ചാടുകയായിരുന്നുവെന്ന് ദുബയ് ടൂറിസ്റ്റ് പോലിസിന് നന്ദി അറിയിച്ചുകൊണ്ട് അയച്ച വീഡിയോ സന്ദേശത്തില്‍ യുവതി പറഞ്ഞു. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലിസ് കാണിച്ച മിടുക്കും അത് തനിക്ക് അയച്ചുതരാന്‍ അവര്‍ കാണിച്ച സന്‍മനസ്സും തന്നെ അദ്ഭുതപ്പെടുത്തിയെന്നും യുവതി പറഞ്ഞു. അതോടൊപ്പം തനിക്കായി അയച്ച സമ്മാനത്തിനും അവര്‍ നന്ദി പറഞ്ഞു.
വിനോദയാത്രയുടെ അവസാന ഘട്ടത്തിലാണ് താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഡെസേര്‍ട്ട് സഫാരിക്കായി യുവതി പോയത്. ടൂറിസ്റ്റ് കമ്ബനി ഏര്‍പ്പെടുത്തി നല്‍കിയ കാറിലായിരുന്നു യാത്ര. എന്നാല്‍ മരുഭൂമിയിലെത്തിയ ശേഷം അവരുടെ മൊബൈല്‍ അടങ്ങിയ ബാഗ് കാറില്‍ വച്ച് മറന്നുപോവുകയായിരുന്നു.
മൊബൈല്‍ റൂമില്‍ വച്ച് മറന്നതാവാമെന്ന ആശ്വാസത്തിലായിരുന്നു യുവതി. പക്ഷെ തിരിച്ചെത്തി റൂമില്‍ നോക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഫോണ്‍ നഷ്ടപ്പെട്ടതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് കമ്പനിയുമായി ബന്ധപ്പെട്ട് അന്നേദിവസം കാര്‍ ഓടിച്ച ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മൊബൈല്‍ ഇയാള്‍ മോഷ്ടിച്ചതാണെന്ന് മനസ്സിലായതെന്ന് ടൂറിസ്റ്റ് പോലിസ് ഡയറക്ടര്‍ ഡോ. മുബാറക് സഈദ് നവാസ് അല്‍ കുത്ബി പറഞ്ഞു.
Post Your Comments