ചെന്നൈ: പേരറിവാളന്റെ പരോൾ നീട്ടണമെന്ന ആവശ്യവുമായി അമ്മ അർപ്പുതമ്മാൾ രംഗത്ത്. രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ പേരറിവാളിനു 26 വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഓഗസ്റ്റ് 24നാണ് പരോൾ ലഭിച്ചത്. മകന്റെ പരോൾ നീട്ടണമെന്ന ആവശ്യവുമായി അമ്മ അർപ്പുതമ്മാൾ തമിഴ്നാട് ജയിൽ വകുപ്പ് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചു. പരോൾ ഒരു മാസം കൂടി നീട്ടിതരണമെന്നാണ് അർപ്പുതമ്മാൾ അപേക്ഷയിൽ പറയുന്നത്. ഇത് പരിഗണിക്കാമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1991 മേയ് 21 നാണു കൊല്ലപ്പെട്ടത്. 1998 ജനുവരിയിൽ പ്രത്യേക കോടതി 26 പ്രതികൾക്കു വധശിക്ഷ വിധിച്ചത്. നളിനിയുൾപ്പെടെ നാലു പ്രതികൾക്കെതിരായ വധശിക്ഷ സുപ്രീംകോടതി 1999 മേയ് 11നു ശരിവച്ചിരുന്നു. നളിനിയുടെ വധശിക്ഷ, തമിഴ്നാട് മന്ത്രിസഭയുടെയും കോണ്ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടേയും അഭ്യർഥനകൾ പരിഗണിച്ചു ജീവപര്യന്തമാക്കി ഇളവ് ചെയ്തു. പിന്നീട് മറ്റു പ്രതികളുടെയും വധശിക്ഷ കോടതി ജീവപര്യന്തമാക്കി ഇളവ് നൽകി.
Post Your Comments