ബെംഗളൂരു : ഗൗരി ലങ്കേഷ് വധത്തില്‍ മഠാധിപതിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത പിന്നണി ഗായിക രംഗത്ത്.
ശിവമൊഗ്ഗയിലെ ശ്രീരാമചന്ദ്രപുര മഠാധിപതി രാഘവേശ്വരഭാരതി സ്വാമിയുടെ പങ്ക് അന്വേഷിക്കണമെന്നു പ്രമുഖ ഗായിക പ്രേമലത ദിവാകറും കുടുംബവും പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) ആവശ്യപ്പെട്ടു. സ്വാമിക്കെതിരെ ഗൗരി ലങ്കേഷ് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഇവരെ ലക്ഷ്യംവച്ചിട്ടുണ്ടാകാമെന്നാണു വാദം.
പ്രേമലതയെ സ്വാമി പീഡിപ്പിച്ചതായി ആരോപിച്ച് കുടുംബം നല്‍കിയ പരാതിയില്‍ 2014ല്‍ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഗൗരി ലങ്കേഷ് പത്രികയിലെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ഈ കേസില്‍ സ്വാമിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
പ്രേമലതയും കുടുംബവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐടി സ്വാമിയെ ചോദ്യം ചെയ്യുമെന്നാണു സൂചന. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നു മഠം വക്താവ് അറിയിച്ചു. സ്വാമിക്കെതിരെ പരാതി നല്‍കി അന്വേഷണം വഴി തിരിച്ചുവിടാനാണു ശ്രമമെന്നും ആരോപിച്ചു.
അതിനിടെ, എസ്‌ഐടി വീട്ടിലെത്തി തന്റെ മൊഴി രേഖപ്പെടുത്തിയതിനെതിരെ എഴുത്തുകാരന്‍ വിക്രം സമ്പത്ത് രംഗത്തെത്തി. ഗൗരി വിമര്‍ശിച്ചിട്ടുള്ള ആള്‍ എന്ന നിലയിലായിരുന്നു ചോദ്യം ചെയ്യല്‍. ഗൗരിയുടെ വിമര്‍ശനത്തിന് ഇരയായവരെയെല്ലാം എസ്‌ഐടി ചോദ്യം ചെയ്യുമോ എന്നു സമ്പത്ത് ചോദിച്ചു.
Post Your Comments