കണ്ണൂര്‍: സ്വകാര്യകേബിൾ വഴി ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് പദ്ധതി. സംസ്ഥാനത്താദ്യമായിട്ടാണ് സ്വകാര്യ കേബിള്‍ നെറ്റ്വര്‍ക്കുകളുമായി സഹകരിച്ച് ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് കൈമാറ്റപദ്ധതി ആരംഭിക്കുന്നത്.
ബി.എസ്.എന്‍.എല്‍. സംസ്ഥാനത്തെ ആയിരത്തോളം സ്വകാര്യ കേബിള്‍ നെറ്റ്വര്‍ക്കുകളുമായി കരാര്‍ ഉണ്ടാക്കും. ഇത്തരത്തില്‍ ഒന്നാംഘട്ട കരാര്‍ കണ്ണൂര്‍, കാസര്‍കോട് മേഖലയിലെ ഇരുനൂറോളം സ്വകാര്യ കേബിള്‍ സംരംഭകരുമായി ഉണ്ടാക്കിക്കഴിഞ്ഞു. ആദ്യ കണക്ഷന്‍ ഗംഗാ ഡിജിറ്റല്‍ കേബിള്‍ ഇന്റര്‍നെറ്റ് സര്‍വീസുമായി സഹകരിച്ച് കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നല്‍കി.
ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ ശക്തമാക്കാനാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം ലാന്‍ഡ്‌ലൈന്‍ ഇല്ലാത്തവര്‍ക്കും ലഭിക്കും. സ്വകാര്യ കേബിളുകാര്‍ക്ക് പദ്ധതിപ്രകാരം മൊത്തം വരുമാനത്തിന്റെ 25 മുതല്‍ 40 ശതമാനംവരെ ലഭിക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനിലൂടെ കണക്ഷന്‍ നല്‍കുന്നതോടൊപ്പം അറ്റകുറ്റപ്പണികളും നടത്തേണ്ടതും കേബിള്‍ കമ്പനികളുടെ ഉത്തരവാദിത്തമാണ്. മോഡവും ഇവര്‍ നല്‍കണം.
ബി.എസ്.എന്‍.എല്‍. നിലവില്‍ ബ്രോഡ്ബാന്‍ഡ് വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുക്കുന്നുണ്ട്. എന്നാല്‍ ഗ്രാമീണമേഖലകളില്‍ ബിഎസ്.എന്‍.എല്ലിന് ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനമില്ല. ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം ഉപയോഗിക്കുന്ന സ്വകാര്യ കേബിള്‍ കമ്പനികളുമായുള്ള കരാര്‍വഴി പ്രവര്‍ത്തനമൂലധനമോ മറ്റു ചെലവോ ഇല്ലാതെ ബി.എസ്.എന്‍.എല്ലിന് ഈ പരിമിതി മറികടക്കാം. കൂടുതല്‍ ടവറുകളില്ലാതെ തന്നെ മികച്ച കവറേജ് നല്‍കാനുമാവും.
Post Your Comments