തിരുവനന്തപുരം: ശിശുമരണങ്ങളും പകര്‍ച്ച വ്യാധികളുമാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം സംഘടിപ്പിച്ച ദേശീയ മെഡിക്കല്‍ സമ്മിറ്റ് കോണ്‍ഫറന്‍സ് (GP CON 2017) കോവളം കെ.റ്റി.ഡി.സി. സമുദ്ര ഹോട്ടലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിനുള്ള ഒരു പോംവഴി. ശുശുമരണ നിരക്കുകള്‍ അടക്കമുള്ളവയെപ്പറ്റി ഡോക്ടര്‍മാര്‍ പുതിയ പഠനങ്ങള്‍ നടത്തണം. ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിന് ഐ.എം.എ.യുടേയും ഡോക്ടര്‍മാരുടേയും സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രായഭേദമന്യേ എല്ലാവരുടേയും ആരോഗ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാനായി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ജനങ്ങളെ പൂര്‍ണമായ ആരോഗ്യത്തിലേത്തെത്തിക്കാന്‍ ഇതുപോലുള്ള കോണ്‍ഫറന്‍സുകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മികച്ച ആരോഗ്യ സംവിധാനമാണുള്ളത്. രോഗീ സൗഹൃദത്തിലൂന്നിയായിരിക്കണം ഓരോ ആശുപത്രിയും പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ് കേരളത്തിലെ ആരോഗ്യമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ശിശുമരണ നിരക്ക് കുറയ്ക്കാനും ആയുര്‍ദൈര്‍ഘ്യം കൂട്ടാനും കേരളത്തിനായി. നിരവധി പകര്‍ച്ച വ്യാധികള്‍ തടഞ്ഞുനിര്‍ത്താന്‍ കേരളത്തിനായിട്ടുണ്ട്. അപകടങ്ങളുടെ നിരക്ക് കുറഞ്ഞെങ്കിലും അപകട മരണങ്ങള്‍ വര്‍ധിക്കുന്നത് വലിയ പ്രശ്‌നമാണ്. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഐ.എം.എ.യുടെ ദേശീയ നേതാക്കളായ ഡോ. വി.കെ. മോംഗ, ഡോ. മാര്‍ത്താണ്ഡ പിള്ള, ഡോ. എസ്. അരുള്‍രാജ്, ഡോ. ഷണ്‍മുഖാനന്ദന്‍, ഡോ. ഗുണശേഖരന്‍, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാര്‍, സെക്രട്ടറി ഡോ. സാമുവല്‍ കോശി, തിരുവനന്തപുരം ഐ.എം.എ. പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, ഡോ. എന്‍. മധു, ഡോ. എച്ച്. വിനയരഞ്ജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഐ.എം.എ.യുടെ ഫെലോഷിപ്പ് ബിരുദമായ എഫ്.സി.ജി.ബി. ബിരുദദാനച്ചടങ്ങ് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ, സംസ്ഥാന ഐ.എം.എ. നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
കോവളം കെ.റ്റി.ഡി.സി. സമുദ്ര ഹോട്ടലില്‍ വച്ച് ശനി, ഞായര്‍ തീയതികളിലാണ് ദേശീയ കോണ്‍ഫറന്‍സ് നടന്നുവരുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ രണ്ട് ദിവസം നടക്കുന്ന ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ പൊതുജനാരോഗ്യത്തിലൂന്നിയ വിവിധ വിഷയങ്ങളുടെ നൂതന ചികിത്സ മാര്‍ഗങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. ഇതോടൊപ്പം ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് എന്നിവയെപ്പറ്റി ശില്‍പശാലയും സംഘടിപ്പിക്കുന്നു.
വര്‍ധിച്ചു വരുന്ന റോഡപകടങ്ങളില്‍ എങ്ങനെ വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കാം എന്നതിനെ ആസ്പദമാക്കി ട്രോമ കെയര്‍ ഇന്റര്‍നാഷണല്‍ ടെലി കോണ്‍ഫറന്‍സും സംഘടിപ്പിച്ചു. തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തെ തുടര്‍ന്നാണ് ട്രോമ കെയര്‍ സംവിധാനത്തെപ്പറ്റി സജീവമായി ചര്‍ച്ചയാകുന്നത്. ചികിത്സാ സൗകര്യമില്ലാത്ത ആശുപത്രികളില്‍ രോഗികളെ എത്തിച്ച് വിലപ്പെട്ട സമയം കളയാതെ എങ്ങനെ വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കാം എന്നതിനെപ്പറ്റി തിരുവനന്തപുരം ഐ.എം.എ.യുടെ പൈലറ്റ് പ്രോജക്ട് ഈ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു.
സര്‍ക്കാരിന്റെ സഹകരണത്തോടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചൊരു മോണിറ്ററിംഗ് സെല്‍ ഇതിനായി രൂപീകരിക്കും. അപകടം നടന്നയുടന്‍ അറിയിക്കേണ്ട ഒരു ഹെല്‍പ്പ് ലൈന്‍ നമ്പരുണ്ടാകും. ഇതില്‍ വിളിച്ചറിയിച്ചാലുടന്‍ ആംബുലന്‍സെത്തും. ആംബുലന്‍സിലുള്ള നഴ്‌സ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന തൊട്ടടുത്തുള്ള ഏത് ആശുപത്രിയാണുള്ളതെന്നുള്ള സന്ദേശം ലഭിക്കും. വെന്റിലേറ്ററുകളുള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കിയായിരിക്കും ആശുപത്രി നിര്‍ദേശിക്കുക. ഇങ്ങനെയൊരു രോഗി എത്തുന്ന കാര്യം ആശുപത്രിയേയും അറിയിക്കും. ഈ ആമ്പുലന്‍സ് എത്തുന്ന സമയത്ത് ആ ആശുപത്രിയിലെ ഡോക്ടര്‍ സംഘം റെഡിയായി നില്‍ക്കുന്നുണ്ടാകും.
തിരുവനന്തപുരം ജില്ലയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഇത് തുടങ്ങുക. ഇത് വിജയമെന്ന് കണ്ടാല്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
Post Your Comments