മുംബൈ : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക് ഡൗണിൽ മുംബൈയിൽ കുടുങ്ങിയത് മലയാളികളുൾപ്പെടെ 300-ഓളം പേര്‍. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിൽ എത്തിയ ഇവർ ഇപ്പോൾ മുംബൈയില്‍ വര്‍സോവ മെട്രോ സ്റ്റേഷന് സമീപമുള്ള വലിയൊരു മൈതാനത്ത് സര്‍ക്കാര്‍ നിര്‍മിച്ച കൂറ്റന്‍ ടെന്റിനകത്താണ് താമസിക്കുന്നത്. ഇരുപത്തിയഞ്ചോളം മലയാളികളും വിദേശികളുമാണ് കൂട്ടത്തിലുള്ളത്. എന്നാൽ കൃത്യമായി ഭക്ഷണംപോലും ലഭിക്കുന്നില്ല. രോഗപരിശോധനയുമില്ല, എല്ലാം ഒരു ചടങ്ങിനെന്നപോലെ നടക്കുന്നു എന്ന പരാതിയാണ് ഇവിടെ നിന്നും ഉയർന്നു കേൾക്കുന്നത്.
‘മിക്കദിവസങ്ങളിലും രണ്ടോ മൂന്നോ നേരം ഭക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും കിട്ടുന്നില്ലെന്നാണ് ഇവിടെ കഴിയുന്ന എറണാകുളം ഇടപ്പള്ളി സ്വദേശി അയൂബ് പറയുന്നത്. ഞായറാഴ്ച രാവിലെ കുറച്ചുപേര്‍ക്ക് ഉപ്പുമാവ് കിട്ടിയിരുന്നു. എനിക്കടക്കം പലര്‍ക്കും കിട്ടിയില്ല. ഉച്ചയ്ക്ക് കിട്ടുമല്ലോ എന്നു കരുതി. എന്നാല്‍, ഭക്ഷണമേ കിട്ടിയില്ല. അതേ അവസ്ഥയായിരുന്നു രാത്രിയിലും. ചില സന്നദ്ധസംഘടനകള്‍ പലപ്പോഴായി ഭക്ഷണമെത്തിച്ചെങ്കിലും അതൊന്നും വിതരണം ചെയ്യാന്‍ ക്യാമ്ബിന് മേല്‍നോട്ടം വഹിക്കുന്നവര്‍ സമ്മതിച്ചില്ല. ഭക്ഷണം മോശമായതുകൊണ്ടാണോ എന്നറിയില്ല, തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് അമ്ബതോളം ചപ്പാത്തിപ്പൊതി കൊണ്ടുവന്ന് ചിലരെ മാത്രം വിളിച്ചുണര്‍ത്തി നല്‍കി. മറ്റുള്ളവര്‍ക്ക് ഭക്ഷണമില്ലാത്ത അവസ്ഥയെന്നും അയൂബ് പറഞ്ഞു.
വിദേശത്തേക്ക് പോകാനുള്ള വിസ സ്റ്റാമ്ബ് ചെയ്യാനും മറ്റു രേഖകള്‍ തയ്യാറാക്കാനുമായി, അയൂബ് മുംബൈയില്‍ എത്തിയിട്ട് മൂന്നു മാസമാകുന്നു. നവി മുംബൈയിലെ ഒരു ഹോട്ടലിലായിരുന്നു ആദ്യ താമസം. വാടക കൂടുതലായതിനാല്‍ പിന്നീട് സാക്കിനാക്കയിലെ ഒരു ഹോട്ടലിലേക്ക് മാറി. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കു മുൻപ് വാടക ഏറ്റവും കുറഞ്ഞ സ്ഥലംനോക്കി മരോളിലെ മറ്റൊരു ഹോട്ടലിലേക്ക് മാറിയത്. 21 ദിവസം ഹോട്ടലില്‍ കഴിയാനുള്ള പണമൊന്നും കൈയിലില്ലാഞ്ഞതിനാല്‍ അവിടെനിന്നിറങ്ങി. സര്‍ക്കാര്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോള്‍ വര്‍സോവയിലേക്ക് വരാന്‍ പറഞ്ഞു ഇപ്പോള്‍ ഇവിടെ കുടുങ്ങിയ അവസ്ഥയിലാണ്. വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രചെയ്യാൻ കഴിയാഞ്ഞവരും ഹോട്ടലുകളിൽ താമസിക്കാൻ കഴിയാത്തവരുമായി നഗരത്തിൽ കുടുങ്ങിപ്പോയവരാണ് ഈ ക്യാമ്പിലുള്ളത്.മുംബൈയിൽ കോവിഡ് രോഗികൾ വർധിക്കുന്ന അവസ്ഥയിൽ അടച്ചിടൽ നീട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാൽ എല്ലാവരും ഇനിയെങ്ങനെ നാട്ടിലെത്തും എന്ന ചിന്തയിലാണ്.
Post Your Comments