ന്യൂഡല്‍ഹി : വീണ്ടും ‘വലിയ സമ്മാനം’ തരാന്‍ ഒരുങ്ങുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ തലസ്ഥാനമായ ഡല്‍ഹിക്കാണു സമ്മാനത്തിന്റെ നേട്ടം കൂടുതലായി ലഭിക്കുക. നഗരത്തിരക്കു കുറയ്ക്കാനുള്ള വഴികള്‍ ആറു മാസത്തിനുള്ളില്‍ മോദി സമ്മാനിക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
ഗതാഗത കുരുക്കില്‍പ്പെട്ടു ശ്വാസംമുട്ടുന്ന ഡല്‍ഹിയെ മോചിപ്പിക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനായി നഗരത്തിലൂടെ കടന്നുപോകുന്ന നിരവധി ഹൈവേകളാണ് ആറു മാസത്തിനുള്ളില്‍ മോദി ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളാണു കേന്ദ്രം ഡല്‍ഹിയില്‍ നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണു പുതിയ പാതകളും നിലവിലുള്ളവയുടെ വികസിപ്പിക്കലുമെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
ഗതാഗത കുരുക്കില്‍നിന്നും പരിസ്ഥിതി മലിനീകരണത്തില്‍നിന്നും ഡല്‍ഹിക്കാരെ രക്ഷിക്കാന്‍ ഇന്നുമുതല്‍ ആറുമാസത്തിനകം അനവധി ഹൈവേകള്‍ മോദി ഉദ്ഘാടനം ചെയ്യും’- നിതിന്‍ ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ ദ്വിദിന ബിജെപി എക്‌സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മീററ്റിലേക്ക് എന്‍എച്ച്-24 നീളം കൂട്ടുന്നതിന് 6,000 കോടിയാണു വിനിയോഗിക്കുക.
ധൗലകുവാന്‍-ജയ്പുര്‍, മുകര്‍ബ ചൗക്ക്-പാനിപത്ത്, ദ്വാരക എക്‌സ്പ്രസ്വേ, വടക്ക്-പടിഞ്ഞാറ് ഇടനാഴി തുടങ്ങിയ പാതകള്‍ക്കായി ആയിരക്കണക്കിനു കോടി രൂപയാണു മോദി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളതെന്നും ഗഡ്കരി പറഞ്ഞു. പാതകള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇപ്പോഴത്തെപ്പോലെ ശ്വാസംമുട്ടി ഡല്‍ഹിയിലൂടെ യാത്ര ചെയ്യേണ്ടി വരില്ലെന്നും ഗഡ്കരി ഉറപ്പു നല്‍കി.
Post Your Comments