കെ.എം. ഷാജഹാന് എന്ന പേര് കേരളം പരിചയിക്കുന്നത് വി എസ്. അച്യുതാനന്ദന് പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. സിപിഎമ്മില്‍ മുരടന്‍ മുഖമുണ്ടായിരുന്ന വിഎസിനെ ജനകീയനാക്കിയത് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ നിന്നു പഠിച്ചിറങ്ങിയ ഈ ബുദ്ധിജീവിയായിരുന്നു. എം.പിമാരുടെ വിമാനയാത്രയെ സംബന്ധിച്ചു ടൈംസ് നൗ എന്ന ചാനൽ വാർത്ത നൽകിയിരുന്നത് ഈയടുത്താണ്. ഇതുമായി ബന്ധപ്പെട്ടു കെ.എം.ഷാജഹാന്, ശ്രീ.എം.ബി രാജെഷിനെഴുതിയ തുറന്ന കത്ത് ചുവടെ ചേര്‍ക്കുന്നു. ആ കണക്ക് ജനങ്ങളുടെ മുമ്പിൽ വച്ചാൽ മാത്രമേ ” കുടുബത്തിന്റെ വരുമാനവും ആസ്തിയും പരിശോധിക്കാം” എന്ന വാദവും ” എം പിയായതിന് ശേഷമുള്ള ഒരു ‘ആർഭാടം’ ബസ്സിൽ നിന്ന് ഒരു സാധാരണ കാറിലേക്ക് മാറി എന്നതാണ് ” എന്ന വാദവും വിശ്വാസയോഗ്യമാവുകയുള്ളു എന്ന് തുറന്ന കത്തില്‍ കെ.എം ഷാജഹാന് വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പ്രിയ ശ്രീ എം ബി രാജേഷ്,
താങ്കളും മറ്റ് ചില സി പി എം എം പിമാരും വിമാനയാത്രാ കൂലിയുമായി ബന്ധപ്പെട്ട് പൊതുപണം ധൂർത്തടിക്കുന്നു എന്ന് ടൈംസ് നൗ എന്ന ചാനൽ വാർത്ത നൽകിയിരുന്നുവല്ലോ.
ആ വാർത്ത തെറ്റിദ്ധാരണാജനകവും അപകീർത്തിപരവുമാണ് എന്ന് ചൂണ്ടിക്കാട്ടി, താങ്കൾ ഉൾപ്പെടെ 5 എംപിമാർ ലോകസഭാ സ്പീക്കർക്ക് കത്തും അയച്ചിരുന്നു. തുടർന്ന് ചാനലിനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് താങ്കൾ ഫേസ് ബുക്കിൽ ഒരു പോസ്റ്റും ഇട്ടിരുന്നു. ചാനലിന്റെ ബിജെപി ചായ്വ് ചൂണ്ടിക്കാട്ടി താങ്കളെ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയാണ് അവർ ചെയ്തത് എന്ന് സമർത്ഥിക്കാനാണ്,താങ്കൾ ഫേസ് ബുക്ക് പോസ്റ്റിൽ ശ്രമിക്കുന്നത്. ആ നിലപാടിനോട് ഞാൻ വിയോജിക്കുന്നില്ല.
പക്ഷേ താങ്കൾ പോസ്റ്റിൽ പറഞ്ഞ ചില കാര്യങ്ങൾ സംബന്ധിച്ച് ഉള്ള സംശയങ്ങൾ ദൂരീകരിച്ച് തരണം എന്നാവശ്യപ്പെടാനാണ് ഈ തുറന്ന കത്ത്.
താങ്കളുടെ പാലക്കാട്ടുള്ള 1915 ചതുരശ്ര അടിയുള്ള വീട്ടിലേക്ക് ടൈംസ് നൗ ചാനൽ പ്രവർത്തകരെ താങ്കൾ ക്ഷണിച്ചിട്ടുണ്ട്. താങ്കളുടെ കുടുംബത്തിന്റെ വരുമാനവും ആസ്തിയും ആർക്കും പരിശോധിക്കാം എന്നും താങ്കൾ പറഞ്ഞിട്ടുണ്ട്. ” എംപിയായതിന് ശേഷമുള്ള ഒരു ‘ആർഭാടം’ ബസ്സിൽ നിന്ന് ഒരു സാധാരണ കാറിലേക്ക് മാറി എന്നതാണ് ” എന്ന് താങ്കൾ വ്യക്തമാക്കിയിട്ടുണ്ട്. ആ കാറും വായ്പയെടുത്ത് വാങ്ങിയതാണ് എന്ന് പറയാനും താങ്കൾ മറന്നിട്ടില്ല.
ഇക്കാര്യങ്ങൾ വായിച്ചപ്പോൾ ചില സംശയങ്ങൾ മനസ്സിലൂടെ കടന്നു പോയി. ആ സംശയങ്ങൾ താങ്കൾ ദുരീകരിച്ച് തരുമെന്ന് കരുതുന്നു.
എംപി എന്ന നിലയിൽ താങ്കൾക്ക് ലഭിക്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും എത്രയെന്ന് ഒന്ന് പരിശോധിച്ച് നോക്കുകയുണ്ടായി. അത് താഴെ കൊടുത്തിരിക്കുന്നു.
ശമ്പളം – 50,000 രൂപ (പ്രതിമാസം)
മണ്ഡല അലവൻസ് – 45,000 രൂപ (പ്രതിമാസം)
ഓഫീസ് ചിലവ് – 15,000 രൂപ (പ്രതിമാസം)
സെക്രട്ടേറിയൽ ചിലവ് – 30,000 രൂപ ( പ്രതിമാസം )
പാലർമെന്റ് നടക്കുമ്പോൾ ദിവസേനയുള്ള അലവൻസ് – 2,000 രൂപ
ഫോണുകൾ – മൂന്ന്
മൊബൈൽ ഫോൺ – 2 (റോമിങ്ങ് സൗകര്യമുള്ളവ)
സൗജന്യ കോളുകൾ – 1,50,000 ( പ്രതിവർഷം)
34 വിമാനയാത്രകളുടെ പണം തിരികെ ലഭിക്കും.
ഭാര്യയുമായി വർഷം 8 വിമാനയാത്രകൾ സൗജന്യം.
റയിൽlറോഡ് യാത്രയ്ക്ക് – കിലോമീറ്ററിന് 16 രൂപ ലഭിക്കും.
ഉയർന്ന ക്ലാസ്സിൽ സൗജന്യ ട്രെയിൻ യാത്ര.
കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും വാങ്ങാൻ 2 ലക്ഷം രൂപ.
ഡൽഹിയിലെ താമസ സ്ഥലത്ത് പ്രതിവർഷം 4000 കിലോ ലിറ്റർ വെള്ളവും 50,000 യൂണിറ്റ് വൈദ്യുതിയും സൗജന്യം.
കേന്ദ്രത്തിൽ സിവിൽ സർവ്വീസിലെ ക്ലാസ് I ഓഫീസർക്ക് ലഭിക്കുന്ന മെഡിക്കൽ സൗകര്യം.
75,000 രൂപക്ക് ഫർണിച്ചർ വാങ്ങാം.
കാർ വാങ്ങാൻ 4 ലക്ഷം വായ്പ.
ഇതാണ് ഒരു എം പി എന്ന നിലയിൽ താങ്കൾക്ക് ലഭിക്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും . എംപി എന്ന നിലയിലുള്ള താങ്കളുടെ എട്ടാമത്തെ വർഷമാണല്ലോ ഇത്. ഇതിനകം മേല്പറഞ്ഞ ഇനങ്ങളിലെല്ലാം കൂടി ഓരോ വർഷവും ശമ്പളവും ആനുകൂല്യങ്ങളുമായി സർക്കാരിൽ നിന്ന് എത്ര രൂപ വാങ്ങി എന്നതിന്റെ കണക്ക് പ്രസിദ്ധീകരിക്കാൻ താങ്കൾ തയ്യാറുണ്ടോ?
കേന്ദ്ര സർക്കാർ പ്രതിമാസം ഓരോ മാസവും ഓരോ എം പിക്കും വേണ്ടി 2.7 ലക്ഷം രൂപ ചിലവഴിക്കുന്നു എന്ന് 2016ലെ സർക്കാർ കണക്കുകൾ ഉദ്ധരിച്ച് ദി ഹിന്ദു പത്രം റിപ്പോർട് ചെയ്തിരുന്നു. എംപി എന്ന നിലയിൽ താങ്കൾക്ക് ഒരു നയാ പൈസ പോലും ഇൻകം ടാക്സും അടക്കേണ്ടതില്ലല്ലോ. ഇതനുസരിച്ച് കഴിഞ്ഞ 8 വർഷം കൊണ്ട് സർക്കാർ എംപി എന്ന നിലയിൽ താങ്കൾക്ക് വേണ്ടി സർക്കാർ ചിലവഴിച്ചത് 2.59 കോടി രൂപയാണ്. ഇതിൽ മറ്റെല്ലാ ചിലവുകളും കഴിഞ്ഞ് താങ്കളുടെ സമ്പാദ്യമെത്ര എന്ന് ജനങ്ങൾ അറിയുന്നത് നന്നായിരിക്കില്ലെ രാജേഷ് ?
ശമ്പളത്തിൽ നിന്നാണ് നാമമാത്രമായ തുകയാണ് പാർടിക്ക് ലെവി അടക്കേണ്ടത്. ആനുകൂല്യങ്ങൾ പക്ഷേ ലെവിയുടെ പരിധിയിൽ വരില്ല.
യാത്രപ്പടിയിൽ നിന്ന് എംപിമാർ വൻ തുക ഉണ്ടാക്കുന്നു എന്നത് പച്ചയായ സത്യമല്ലേ?
താങ്കളുടെ സുഹൃത്ത് എ സമ്പത്ത് എം പി 2014-15 ൽ വിമാനയാത്രാ കൂലി ഇനത്തിൽ എഴുതി എടുത്തത് ഒരു കോടി രൂപയാണ് . അതിൽ നിന്ന് ഡിഎ ഇനത്തിൽ ലഭിച്ചത് 25 ലക്ഷം രൂപയാണ്.ശമ്പളത്തിന് മാത്രമേ ലെവിയുള്ളു. ഡി എ തുക മുഴുവൻ സ്വന്തമായി ഉപയോഗിക്കാം. 2014-15 ൽ ആൻറമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ബി ജെ പി എം പി ബിഷ്ണു പാദ റേക്കൊപ്പം ഏറ്റവും കൂടുതൽ തുക വിമാനയാത്രക്കായി എഴുതിയെടുത്ത എംപി താങ്കളുടെ സുഹൃത്തായ സമ്പത്താണ്.
താങ്കളും ഡിഎ ഇനത്തിൽ ഒരു വർഷം 6.28 ലക്ഷം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടല്ലോ?
കഴിഞ്ഞ 8 വർഷത്തിൽ ഓരോ വർഷവും ഡി എ ഇനത്തിൽ മൊത്തം എത്ര തുക വാങ്ങി എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത താങ്കൾക്കില്ലേ?
ആ കണക്ക് ജനങ്ങളുടെ മുമ്പിൽ വച്ചാൽ മാത്രമേ ” കുടുബത്തിന്റെ വരുമാനവും ആസ്തിയും പരിശോധിക്കാം” എന്ന വാദവും ” എം പിയായതിന് ശേഷമുള്ള ഒരു ‘ആർഭാടം’ ബസ്സിൽ നിന്ന് ഒരു സാധാരണ കാറിലേക്ക് മാറി എന്നതാണ് ” എന്ന വാദവും വിശ്വാസയോഗ്യമാവുകയുള്ളു.
അത് കൊണ്ട് ആ കണക്കുകൾ എത്രയും വേഗം പൊതുജന സമക്ഷം അവതരിപ്പിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്
സസ്നേഹം,
കെ എം ഷാജഹാൻ
Post Your Comments