തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടില്‍ നിന്ന് പിന്നാക്കം പോയതുമാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്. കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഉടന്‍ വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ എങ്കിലും നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള ആരോപണങ്ങളും കേസുകളുമാണു സാധാരണയായി വിജിലന്‍സ് അന്വേഷിക്കാറുള്ളത്.
എന്നാല്‍, ഇതിനു വിരുദ്ധമായി തെളിവു പോലുമില്ലാത്ത കേസിലാണ് വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തിയത്. പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്. മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ പണം വാങ്ങിയെന്നാരോപിക്കപ്പെട്ട സതീഷ് നായര്‍ താന്‍ വാങ്ങിയത് കോഴയല്ല കണ്‍സള്‍ട്ടന്‍സി ഫീസ് മാത്രമാണെന്ന് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയ മെഡിക്കല്‍ കോളേജ് ഉടമ ആര്‍.ഷാജിയും അഴിമതിയാരോപണത്തിന് ബി.ജെ.പിയില്‍ നിന്ന് പുറത്തായ ആര്‍. എസ്.വിനോദും വിജിലന്‍സിന് ഇതേ മൊഴിയാണ് നല്‍കിയത്.
വര്‍ക്കലയിലെ എസ്.ആര്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ ആറ് കോടി രൂപ കോഴ ഡല്‍ഹിയിലുള്ള ഇടനിലക്കാരന്‍ സതീഷ് നായര്‍ വഴി നകിയെന്നാണ് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂണിറ്റ് എസ്.പി: കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവന്നത്. വിജിലന്‍സിന്റെ മൊഴിയെടുപ്പില്‍ മെഡിക്കല്‍ കോളേജ് അനുമതിക്കായി ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയര്‍ന്ന വര്‍ക്കല, പാലക്കാട് കോളേജ് മാനേജ്മെന്റുകള്‍ സ്വീകരിച്ചത്. പണം നല്‍കിയ കോളേജ് ഉടമ ഷാജിയും പരാതി നല്‍കിയിരുന്നില്ല.
Post Your Comments