പനാജി: ഇന്ത്യൻ നാവികസേനയിലെ പെണ്‍സംഘം പായ്ക്കപ്പലില്‍ ലോകംചുറ്റാന്‍ പുറപ്പെട്ടു. ആറ് വനിതകളാണ് നാവിക സാഗര്‍ പരിക്രമ എന്നു പേരിട്ടിരിക്കുന്ന യാത്രയില്‍ പങ്കെടുക്കുന്നത്. ടീം കപ്പിത്താന്‍ ലെഫ്. കമാന്‍ഡര്‍ വര്‍തിക ജോഷിയാണ്. ലെഫ്. കമാന്‍ഡര്‍മാരായ പ്രതിഭ ജംവാല്‍, പി സ്വാതി, ലെഫ്റ്റനന്റുമാരായ എസ് വിജയാദേവി, ബി ഐശ്വര്യ, പായല്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പനാജി തീരത്തുനിന്ന് പുറപ്പെട്ട യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ഇവരുടെ യാത്ര ഇന്ത്യയില്‍ തന്നെ നിര്‍മിച്ചിട്ടുള്ള ഐ എന്‍ എസ് വി തരിണിയെന്ന പായ്ക്കപ്പലിലാണ്. അടുത്തമാര്‍ച്ചില്‍ പനാജി തീരത്താണ് യാത്ര അവസാനിക്കുന്നത്.
യാത്രയ്ക്കിടയില്‍ ഫെര്‍മന്റൈല്‍(ഓസ്‌ട്രേലിയ), ലിറ്റെടോണ്‍(ന്യൂസിലാന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി(ഫാല്‍ക്ക്‌ലാന്‍ഡ്), കേപ്ടൗണ്‍(സൗത്ത് ആഫ്രിക്ക എന്നീ നാലു തുറമുഖങ്ങളിലാണ് ബോട്ട് തീരത്തടുപ്പിക്കുക. കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഐ എന്‍ എസ് തരിണി നീറ്റിലിറക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ച വനിതകളെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. പ്രത്യേകതയുള്ള ദിനമാണിന്ന്. നാവികസേനയിലെ ആറ് ഓഫീസര്‍മാര്‍ ലോകം ചുറ്റിവരാനുള്ള യാത്രക്ക് ഐ എന്‍ എസ് വി തരിണിയില്‍ പുറപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
Post Your Comments