മുളന്തുരുത്തി: സാംബിയയിലെ ലുവാസ്കയില് പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ താമസിക്കുന്ന ഫ്ളാറ്റില്‍ തീ പിടിച്ചതിനെത്തുടര്ന്ന്് ചോറ്റാനിക്കര സ്വദേശിയായ മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.സാംബിയയിലെ ലുവാസ്കയിലാണ് അപകടം ഉണ്ടായത്. ചോറ്റാനിക്കര വട്ടുക്കുന്ന് വയലണംപൊറ്റയില് കുഞ്ഞുകുഞ്ഞിന്റെ മകന് അരുണ്‍ വി.കെ. (27) യും ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്ന ഗുജറാത്ത് സ്വദേശിയുമാണ് മരിച്ചത്.
വെള്ളിയാഴ്ച വെളുപ്പിന് മൂന്നിനായിരുന്നു അപകടം. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുജറാത്തി കമ്പനിയായ മൗണ്ട് ബറും പെട്രോളിയം കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന ഫ്ളാറ്റിലാണ് അപകടമുണ്ടായത്.
തീപിടിച്ചതിനെത്തുടര്‍ന്ന് പൊള്ളലേറ്റും കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചുമാണ് മരണം സംഭവിച്ചതെന്നാണ് ഇവരെ പ്രവേശിപ്പിച്ച ലുവാസ്ക പ്രൊവിന്‍സിലെ ആശുപത്രി അധികൃതര്‍ കമ്പനി ഉദ്യോഗസ്ഥരെ അറിയിച്ചത്. മരണം സ്ഥിരീകരിച്ചെങ്കിലും പ്രൊവിന്‍സ് കൗണ്‍സിലില്‍ നിന്നുള്ള മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാനാകില്ല. ഞായറാഴ്ച ഇന്ത്യന്‍ എംബസിയും അവധിയിലായതിനാല്‍ തിങ്കളാഴ്ച മാത്രമേ ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നാണ് കമ്പനി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.
അരുണ്‍ ആറു മാസം മുമ്പാണ് സാംബിയയിലെ ലുവാസ്കയില് പെട്രോളിയം കമ്പനിയില്‍ എന്‍ജിനീയറായി ചേര്‍ന്നത്. മൂവാറ്റുപുഴ ഇലാഹിയ കോളേജിലും പുക്കാട്ടുപടി കെ.എം.ഇ. കോളേജിലും എന്‍ജിനീയറിങ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമ്മ ശോശാമ്മ. സഹോദരന് അഖില്‍.
Post Your Comments