റോഹിന്‍ഗ്യകൾക്കായി വാസസ്ഥലങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി ഈ രാജ്യം

ഇസ്താംബൂള്‍: ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തെത്തുന്ന റോഹിന്‍ഗ്യന്‍ വംശജര്‍ക്കായി വാസയോഗ്യമായ ക്യാംപുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സിറിയന്‍ അഭയാര്‍ഥികള്‍ക്കു നല്‍കിയതിനു സമാനമായ കൂടാരങ്ങളാണ് റോഹിന്‍ഗ്യര്‍ക്കു നല്‍കാനുദ്ദേശിക്കുന്നത്. ഇതിനായി ബംഗ്ലാദേശ് സ്ഥലം ലഭ്യമാക്കിയാല്‍ മാത്രം മതിയാകും.

നിലവില്‍ ബംഗ്ലാദേശിലുള്ള ക്യാംപുകള്‍ വാസയോഗ്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ചേരുന്ന ഓര്‍ഗണൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒഐസി) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുമുൻപ് ഇസ്താംബൂളിലെ അത്താതുര്‍ക് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍.

മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ മുസ്ലിം രാജ്യങ്ങളുടെ ശക്തമായ പ്രതികരണം ഉയര്‍ന്നുവരാന്‍ ഒഐസി യോഗത്തിലെ ചര്‍ച്ചകള്‍ സഹായകമാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഹാമിദുമായി റോഹിന്‍ഗ്യന്‍ വിഷയം സംബന്ധിച്ച്‌ ഉര്‍ദുഗാന്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇത് കൂടാതെ ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യന്‍ വംശജരെ തുര്‍ക്കി പ്രഥമ വനിത അമീന ഉര്‍ദുഗാന്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു.

Share
Leave a Comment