Latest NewsKeralaNews

തിരിച്ചടികള്‍ വന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല : ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്ന് ഭാവന

കൊച്ചി: സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്ന് നടി ഭാവന. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടിമാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള വേദിയായി മാറുകയാണെന്നും ഭാവന പറഞ്ഞു. വിവിധ ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികള്‍ വന്നപ്പോള്‍ താന്‍ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന പറഞ്ഞു. ‘തിരിച്ചടികള്‍ വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എനിക്ക് കരുത്തായത്. പക്ഷെ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല.

പരിചയം പോലുമില്ലാത്ത ഒരുപാട് പേര്‍ കൂടെ നിന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും പൊതു സമൂഹവും ഒപ്പം നിന്നു’, ഭാവന തുറന്നു പറയുന്നു. ‘സിനിമ ഒരു പാട് മാറി. പക്ഷെ നല്ല രീതിയിലുള്ള മാറ്റമാണുണ്ടായത്. പുതിയ സംവിധായകരും കലാകാരന്‍മാരും രംഗത്ത് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവികളില്‍ നിന്ന് അഭിനേതാക്കളിലേക്കുള്ള മാറ്റവും മലയാള സിനിമയില്‍ ഉണ്ടായി’.ഈ മാറ്റം ശുഭസൂചനയാണെന്നും ഭാവന പറഞ്ഞു.

ഓണച്ചിത്രമായ ആദം ജോണിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനാണ് ചാനലുകളില്‍ ഭാവന എത്തിയത്. തന്റെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിലെ സന്തോഷവും ഭാവന പങ്കുവച്ചു. പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹംകഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി.

പതിനഞ്ചാംവയസില്‍ സിനിമയില്‍ എത്തിയതാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന വ്യക്തമാക്കി. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ലെന്നും ഭാവന പ്രതികരിച്ചു.

നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥം. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന വ്യക്തമാക്കി. വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് തുടരും.

തന്റെ ഭാവി വരനും അതിനോട് യോജിപ്പാണെന്നും ഭാവന പറയുന്നു. സിനിമ എനിക്ക് എന്നും ഇഷ്ടം. എന്റെ അച്ഛന്‍ സിനിമയിലുള്ള വ്യക്തിയായിരുന്നു. സിനിമയോടുള്ള പ്രണയം എപ്പോഴുമുണ്ട്. പതിനഞ്ചാം വയസ്സിലാണ് ഞാന്‍ സിനിമയിലെത്തിയത്. അത് എന്റെ പ്രൊഫഷനാണ്. അത് എന്നും തുടരുമെന്നും ഭാവന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button