ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു തിരിച്ചറിയൽ രേഖ നിർബന്ധമാക്കാൻ ഒരുങ്ങുന്നു. ഇത് ശല്യക്കാരായ യാത്രക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. യാത്രക്കാരന്റെ തിരിച്ചറിയൽ രേഖയിലെ വ്യക്തിഗത നമ്പർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു നിർബന്ധമാക്കും. ടിക്കറ്റ് ആധാർ, പാസ്പോർട്ട്, ലൈസൻസ്, പാൻ കാർഡ് എന്നിവ ഉപയോഗിച്ചു ബുക്ക് ചെയ്യാം. മാത്രമല്ല വോട്ടർ തിരിച്ചറിയൽ കാർഡ് കൂടി ഉൾപ്പെടുത്തണമെന്ന നിർദേശം പരിഗണനയിലുണ്ട്.
കൂടാതെ വിദേശയാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തണം. മുൻപ് വിമാനത്തിൽ പ്രശ്നമുണ്ടാക്കിയ യാത്രക്കാരുടെ പട്ടിക (നോ ഫ്ലൈ ലിസ്റ്റ്) തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. സർക്കാർ പട്ടിക പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചു ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും.
പട്ടികയിൽ ശല്യക്കാരെ മൂന്നായി തിരിച്ചിട്ടുണ്ട്. അനാവശ്യ ആംഗ്യം കാണിക്കുന്നവർ, സഹയാത്രികരോടു മോശമായി പെരുമാറുന്നവർ, അശ്ലീലം പറയുന്നവർ എന്നിവരാണ് ആദ്യ വിഭാഗം. ഇതിനുള്ള ശിക്ഷ മൂന്നുമാസം യാത്രാവിലക്ക്. കയ്യേറ്റം, ലൈംഗിക പീഡനം എന്നിവയുൾപ്പെട്ട രണ്ടാം വിഭാഗത്തെ ആറുമാസം വിലക്കും.
വിമാനത്തെ അപകടത്തിലാക്കും വിധമുള്ള ആക്രമണങ്ങൾ, വിമാന ഉപകരണങ്ങൾ നശിപ്പിക്കൽ, പൈലറ്റിന്റെ കാബിനിലേക്ക് അതിക്രമിച്ചു കടക്കൽ എന്നിവയുൾപ്പെട്ടതാണു മൂന്നാം വിഭാഗം. രണ്ടു വർഷമോ, അനിശ്ചിതകാലമോ യാത്രാവിലക്ക് ആണു ശിക്ഷ.
Post Your Comments