ഹൂസ്റ്റണ്‍: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ‘ഡാക’ ( DACA- ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി റദ്ദാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഫെയ്സ്ബുക്കും ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്ത്.
കുട്ടികളെന്ന നിലയില്‍ മതിയായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ ആളുകളാണ് ഡാക പദ്ധതി റദ്ദാക്കുക വഴി നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഇത്തരക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കിയിരുന്ന പദ്ധതിയാണ് ഡാക. പതിനായിരത്തോളം ഇന്ത്യന്‍ വംശജരടക്കം എട്ടു ലക്ഷം പേരെ ട്രംപിന്റെ നടപടി പ്രതികൂലമായി ബാധിക്കും.
ഡാക റദ്ദാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ആപ്പിള്‍ സിഇഒ ടിം കുക്ക് അപലപിച്ചു. തൊഴിലാളികള്‍ എല്ലാ സഹായവും നിയമോപദേശവും കമ്പനി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ അറിയിച്ച് അവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആപ്പിള്‍ ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കാന്‍ ട്രംപിന്റെ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്നും നിയമപോരാട്ടം നടത്തുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. ജീവനക്കാര്‍ നേരിടുന്ന എല്ലാ ഭീഷണികള്‍ക്കും കനത്ത പ്രതിരോധം തീര്‍ക്കുമെന്ന് മൈക്രോസോഫ്റ്റും ആപ്പിളും ഉറപ്പു നല്‍കിയിട്ടുണ്ട്.
സ്വപ്നങ്ങള്‍ നമ്മുടെ രാജ്യത്തെയും സമൂഹത്തേയും ശക്തമാക്കും. വൈവിധ്യത്തിനും എല്ലാവര്‍ക്കും സാമ്പത്തിക അവസരം നല്‍കുന്നതിനും ഞങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഡാക റദ്ദാക്കുന്നത് യുവാക്കളോടുള്ള ക്രൂരതയാണെന്നായിരുന്നു സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടത്.
Post Your Comments