Latest NewsNewsIndia

ദേരാ സച്ചാ സൗദാ ആസ്ഥാനത്തെ വളപ്പില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത് നിരവധി ശവക്കുഴികളും മനുഷ്യാവശിഷ്ടങ്ങളും : ദുരൂഹത വിട്ടൊഴിയാതെ ദേരാ സച്ചാ സൗദ

 

സിര്‍സാ:  ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീമിന്റെ ആസ്ഥാനത്ത് നടത്തിയ തെരച്ചിലില്‍ മനുഷ്യാവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ സിര്‍സാ നഗരത്തിലെ വളപ്പില്‍ അസ്ഥികളും മറ്റും കിട്ടിയതായി കൂട്ടായ്മയുടെ മുഖപത്രം ‘സച്ച് കഹോ’ യും സമ്മതിച്ചിരിക്കുകയാണ്.

എന്നാല്‍ ഇത് ഗുര്‍മീത് രാം റഹീമിന്റെ അനുയായികളുടെ തന്നെ അവശിഷ്ടങ്ങള്‍ ആണെന്നും സംഘടനയ്ക്ക് വന്‍തുക സംഭാവന ചെയ്യുന്നവര്‍ മരിക്കുമ്പോള്‍ അവരുടെ ഭൗതീകശരീരം വളപ്പില്‍ സംസ്‌ക്കരിക്കാറ് പതിവുണ്ടെന്നും പത്രം പറയുന്നു. ചിതാഭസ്മം ഒഴുക്കുന്നത് നദി മലിനമാക്കുമെന്ന കാഴ്ചപ്പാടില്‍ മൃതദേഹം വളപ്പില്‍ സംസ്‌ക്കരിക്കുകയും അവിടെ മരങ്ങള്‍ നടുകയുമാണ് ചെയ്യുന്നതെന്ന് പത്രം പറയുന്നു. എന്നാല്‍ ദേരാ സച്ചാ സൗദയുമായി തെറ്റിപ്പിരിഞ്ഞവരുടെ ആരോപണം മറ്റൊന്നാണ്. ഗുര്‍മീത് രാം റഹീം തന്നെ എതിര്‍ക്കുന്നവരെ കൊല്ലുകയും അവരുടെ മൃതദേഹം 70 ഏക്കറുകള്‍ വരുന്ന വളപ്പില്‍ കുഴിച്ചുമൂടുമെന്നുമാണ്.

1999 ല്‍ നടന്ന ഒരു ബലാത്സംഗവുമായി ബന്ധപ്പെട്ട് പഞ്ചകുലയിലെ സിബിഐ കോടതി 20 വര്‍ഷമാണ് ഗൂര്‍മീതിനെ തടവിന് ശിക്ഷിച്ചത്. നിലവില്‍ റോഹ്‌തോക്കിലെ സുനൈരാ ജില്ലാ ജയിലില്‍ തടവില്‍ കഴിയുകയാണ് ഗുര്‍മീത്. കുറ്റക്കാരനായുള്ള കോടതിയുടെ കണ്ടെത്തല്‍ ഹരിയാനയിലെങ്ങും വന്‍ കലാപമാണ് അഴിച്ചു വിട്ടിരിക്കുന്നത്. 38 പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ ആശ്രമത്തില്‍ വെള്ളിയാഴ്ച അന്വേഷണസംഘം തെരച്ചില്‍ നടത്തുകയാണ്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ബുധനാഴ്ച നല്‍കിയ നിര്‍ദേശ പ്രകാരം ഹരിയാന സര്‍ക്കാരാണ് തെരച്ചില്‍ നടത്തുന്നത്. 600, 100 ഏക്കറുകള്‍ വരുന്ന രണ്ട് വളപ്പുകളിലായിട്ടാണ് ദേരാ ക്യാമ്പസ് പടര്‍ന്നു കിടക്കുന്നത്. തെരച്ചില്‍ ജോലികള്‍ക്കായി അര്‍ദ്ധസൈനിക വിഭാഗത്തിലെയും ഹരിയാന പോലീസിലെയും വിഭാഗമാണ് സുരക്ഷാജോലികള്‍ നിര്‍വ്വഹിക്കുന്നത്. ബോംബ് നിര്‍വീര്യ സേനയും ഡോഗ് സ്‌ക്വാഡും ദേരാ വളപ്പില്‍ തമ്പടിച്ചിട്ടുണ്ട്.

ഒരു മൈതാനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ട്, വീടുകള്‍, ചന്തകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, കുടുംബാംഗങ്ങള്‍ താമസിക്കുന്ന കൂറ്റന്‍ ബംഗ്‌ളാവുകള്‍ എന്നിവയ്ക്ക് പുറമേ വിശ്വാസികള്‍ സ്ഥിരമായി താമസിക്കുന്ന കെട്ടിടങ്ങളും വരുന്ന 100 ഏക്കര്‍, ഒരു ചെറിയ ടൗണ്‍ഷിപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button