Latest NewsIndiaNewsEditorial

ഗൗരി ലങ്കേഷ് വധവും രാഷ്ട്രീയ നാടകങ്ങളും; ബിജെപിയെയും സംഘ പ്രസ്ഥാനങ്ങളെയും പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസ് -യെച്ചൂരി നാടകം- കർണാടക പോലീസിൽ വിശ്വാസമില്ലെന്ന് സഹോദരൻ പറഞ്ഞത് എന്തുകൊണ്ടെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് വിശകലനം ചെയ്യുന്നു

” ഇന്നലെ എന്നോട് നിങ്ങൾ ചോദിച്ചത്, എന്റെ സഹോദരിയെ ആരാണ് വധിച്ചത് എന്നതാണ്. അപ്പോൾ പൊതുവെ നടന്ന സംസാരം വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളാണ് വധത്തിനു പിന്നിൽ എന്നാണ്. ആർഎസ്എസ് അടക്കമുള്ള പേരുകൾ പലരും പറയുകയും ചെയ്തു.
എന്നാൽ ഇന്നിപ്പോൾ എനിക്ക് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും മറ്റ്‌ ചില കേന്ദ്രങ്ങളിൽ നിന്നും മറ്റും ലഭിച്ച സൂചനകൾ പ്രകാരം ഗൗരി ലങ്കേഷിന് നക്സലൈറ്റുകളിൽ നിന്നും മറ്റും വലിയ ഭീഷണി ഉണ്ടായിരുന്നു എന്നതാണ് . നക്സലൈറ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സർക്കാർ രൂപീകരിച്ച ഒരു സമിതിയുമായി ഗൗരിക്ക് ബന്ധമുണ്ടായിരുന്നു;അവർ അതിന്റെ ഭാഗമായിരുന്നു. അങ്ങിനെയാണ് ഏതാനും ഇടതു തീവ്രവാദികൾ കീഴടങ്ങിയത്. ആ നടപടിയിൽ നക്സൽ നേതാക്കളിൽ വലിയ പ്രതിഷേധമുണ്ടായിരുന്നുവെന്ന് പറയുന്നു.
 
അവർ ഗൗരിക്ക് ഭീഷണിസ്വരത്തിൽ ഇ – മെയിലുകൾ അയച്ചിരുന്നുവെന്നും പശ്ചിമഘട്ടത്തിലും മറ്റും ഗൗരിയുടെ ഈ വഞ്ചനാപരമായ നീക്കങ്ങൾ അനുവദിക്കില്ലെന്ന് കാണിച്ചുകൊണ്ട് ലഘുലേഖകൾ വിതരണം ചെയ്തിരുന്നു എന്നും അറിയുന്നു. ഞാൻ അക്ഷരാർഥത്തിൽ ഞെട്ടലിലാണ്. അതുകൊണ്ട് എനിക്ക് ഈ രാഷ്ട്രീയ നേതാക്കളോട് ഒന്നേ പറയാനുള്ളൂ…….ദയവായി അന്വേഷണം പൂർത്തിയാവും മുൻപ് പ്രതികളെ പ്രഖ്യാപിക്കരുതേ.
 
എനിക്ക് കർണാടകത്തിലെ പോലീസിൽ വിശ്വാസമില്ല, അതുകൊണ്ട് സിബിഐ അന്വേഷണമാണ് വേണ്ടത്. കൽബുർഗിയുടെ കൊലപാതകം നടന്നിട്ട് കാലമേറെയായി, പക്ഷെ പ്രതികളെ പിടിച്ചിട്ടില്ല. ഒരുപോലീസ് ഓഫീസറുടെ , ഗണപതിയുടെ, മരണം സംബന്ധിച്ച വിവാദം നാം കണ്ടതാണല്ലോ. കർണാടക ആഭ്യന്തര മന്ത്രി അടക്കമുള്ളവർ അതിൽ പ്രതിക്കൂട്ടിലാണ്………….. ഇപ്പോൾ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. ഇതൊക്കെ വലിയ സൂചനകളാണ് നൽകുന്നത്. അതുകൊണ്ട് എല്ലാവരോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത് , ദയവായി അന്വേഷണം തീരട്ടെ, അതിനുമുൻപ് നിങ്ങൾ പലരും പ്രതികളെയും അവരുടെ സംഘടനയെയും പ്രഖ്യാപിക്കാൻ ഓടുന്നത് നിർത്തൂ ………”.
 
ഇത് എന്റെ വാക്കുകളല്ല; റിപ്പബ്ലിക് ടിവിയിലെ അർണാബ് ഗോസ്വാമിയുമായി സംസാരിക്കവെ മരണമടഞ്ഞ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷ് വ്യക്തമാക്കിയതാണ്. അത് ആ ന്യൂസ് ചാനൽ ഇന്നലെ സംപ്രേഷണം ചെയ്തിരുന്നു. വാക്കുകൾ കൃത്യമായി അതാവണമെന്നില്ല എന്നാൽ അതാണ് ആശയം, അതാണ് അദ്ദേഹം പറഞ്ഞത്. ഇത് കേരളത്തിലും രാജ്യത്തിൻറെ മറ്റ് കുറെ ഭാഗങ്ങളിലും കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും നടത്തിയ കുപ്രചാരണങ്ങൾക്കുള്ള ശക്തമായ മറുപടിയാണ്.
 
ഒരാൾ ദാരുണമായ വിധത്തിൽ, ഇരുട്ടിന്റെ മറവിൽ, കൊല്ലപ്പെടുമ്പോൾ അതിനുപിന്നിൽ രാഷ്ട്രീയം കളിക്കാൻ ചിലർ നടത്തിയ കുൽസിത ശ്രമങ്ങൾ പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് ഇന്ദ്രജിത് ലങ്കേഷിന്റെ വാക്കുകൾ പുറത്തുവന്നതോടെ കാണുന്നത്. നക്സലുകളാണോ അതോ അതിലുപരി ഒരു രാഷ്ട്രീയ ഗൂഢാലോചനയാണോ ഈ വധത്തിന് പിന്നിൽ എന്നുപോലും തോന്നിപ്പോകുന്ന അവസ്ഥ……..
ബാംഗളൂരിൽ കൊലപാതകം അരങ്ങേറുന്നതിനൊപ്പം ഡൽഹിയിൽ രാഹുൽ ഗാന്ധിയും പിന്നാലെ സീതാറാം യെച്ചൂരിയും സിപിഎമ്മും ഒക്കെ ആർഎസ്എസിനെ കേസിൽ പ്രതിയാക്കി ആഹ്ലാദിക്കുന്നത് കാണുമ്പൊൾ സംശയങ്ങൾ കൂടിയില്ലെങ്കിലല്ലേ അതിശയമുള്ളൂ.
 
മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസാണ് എന്നും അവർ ഇതിനും മടിക്കില്ല എന്നുമൊക്കെ ഇന്നലെ എന്നോടൊപ്പം ഒരു ടിവി ചാനൽ ചർച്ചയിൽ പങ്കെടുത്ത യൂത്തുകോൺഗ്രസ് നേതാവ് പറയുകയുണ്ടായി. ഗാന്ധിവധത്തിൽ ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധി ഇപ്പോൾ കോടതി കയറുന്നകാര്യം ഞാൻ ഓർമ്മിപ്പിച്ചപ്പോൾ ചർച്ചയിലുണ്ടായിരുന്ന ഇടത് ബുദ്ധിജീവിയടക്കം അതിലെ ഗൗരവം മനസിലാക്കി; നേരിട്ട് ആർഎസ്എസിനെ ആക്ഷേപിക്കാൻ പിന്നെ തയ്യാറായതുമില്ല.
പക്ഷെ യൂത്തുകോൺഗ്രസുകാരന് രാഹുലിന്റെ വഴിതന്നെയായിരുന്നു. ( ഇവിടെ നാം ഓർക്കേണ്ടത്, ഇത്തരമൊരു പ്രസ്താവനയാണ് അല്ലെങ്കിൽ പരസ്യനിലപാടാണ് രാഹുലിനെ കോടതിയിലെത്തിച്ചത്. കേസ് കൊടുക്കാനുള്ള അല്ലെങ്കിൽ കോടതികയറാനുള്ള നല്ല അവസരം അവർ തന്നെ സൃഷ്ടിക്കുകയാണ്….. …തെളിവില്ലാതെ ആർക്കുമെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യഗ്രത. അത് തടയപ്പെടേണ്ടതാണ് എന്നതിൽ സംശയമില്ല.).
 
പറഞ്ഞുവന്നത് കാര്യങ്ങൾ എവിടേക്ക് എത്തുന്നു എന്നതാണ്. ഗൗരി ലങ്കേഷിന്റെ മരണത്തിൽ രാജ്യത്തിന് ആശങ്കയുണ്ട്, നമുക്ക് ഓരോരുത്തർക്കും വിഷമവും ദുഃഖവുമുണ്ട് ; ഒരു മാധ്യമ പ്രവർത്തകക്ക് അങ്ങിനെ ഇന്ത്യയിൽ സംഭവിച്ചുകൂടാത്തതായിരുന്നു. പക്ഷെ, അതിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പകരം ആർഎസ്എസിനെയും ബിജെപിയെയും സംഘ പ്രസ്ഥാനങ്ങളെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ നെറികേടാണ്…… വഞ്ചനയാണ്.
 
കഴിഞ്ഞ കുറേക്കാലമായി ഓരോ മരണത്തിന്റെയും കൊലപാതകത്തിന്റെയും പേരിൽ സംഘ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നു. കൽബുർഗി, പൻസാരെ, ധാബോൽക്കർ തുടങ്ങിയ പേരുകൾ കുറേക്കാലമായി അതിനായി ഇടത് -കോൺഗ്രസ് പക്ഷക്കാർ ഉന്നയിക്കുന്നു. ശരിയാണ്, ഒരാളും കൊലചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ. അതാണ് നമ്മുടെ മതം. പക്ഷെ ചിലതെല്ലാം സംഭവിക്കുന്നു.
 
അങ്ങിനെ എന്തെങ്കിലുമൊന്ന് നടന്നാൽ പിന്നെ ചുമതല നിയമസമാധാനം പാലിക്കാൻ നിയുക്തരായവരുടേതാണ്, പോലീസിന്റേതാണ്, കോടതിയുടേതാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഈ സൂചിപ്പിച്ച കേസുകളിലെ പ്രതികളെ ആരെയെങ്കിലും പിടികൂടാൻ പോലീസിനെയോ….. ആ കൊലപാതകങ്ങളൊക്കെ അരങ്ങേറുമ്പോൾ ആ രണ്ട്‌ സംസ്ഥാനങ്ങൾ ഭരിച്ചിരുന്നത് കോൺഗ്രസാണ്.
ആർഎസ്എസോ അതുമായി ബന്ധപ്പെട്ട ആരെങ്കിലുമാണ് പ്രതികളെങ്കിൽ അവർ അറസ്റ്റ് ഒഴിവാക്കുമായിരുന്നോ……. അവർ അത് നാടുനീളെ പ്രചരിപ്പിക്കാനായി പ്രയോജനപ്പെടുത്തുമായിരുന്നില്ലേ……. ഇന്നും ഗാന്ധി വധത്തിന്റെ പേരുപറഞ്ഞ് ആർഎസ്എസിനെതിരെ കള്ളം പറഞ്ഞുനടക്കുന്നവർ, ആ പ്രസ്ഥാനത്തെ ആക്രമിക്കുന്നവർ എന്തിനൊക്കെ മുതിരുമായിരുന്നു?. കാര്യങ്ങൾ വ്യക്തമാണ്. ഇവർക്ക് ഒരു ലക്ഷ്യമേയുള്ളൂ. അതിലൊന്നും സംഘ -ബിജെപി പ്രസ്ഥാനങ്ങൾക്ക് ബന്ധമില്ല എന്നത് വ്യക്തം; പക്ഷെ അത് അവർക്കെതിരെ പ്രയോഗിക്കണം; അതുകൊണ്ട് യഥാർഥ പ്രതികളെയും പിടിക്കുന്നില്ല.
 
ചിലവേലകളിൽ പ്രതികൾ പിടിക്കപ്പെടുന്നതിലും നല്ലത് അതിനു് മുതിരാതിരിക്കുന്നതാണ് എന്നതാണ് ഇവരുടെ രാഷ്ട്രീയം….. പ്രതികൾ പിടിക്കപ്പെടാൻ സാധ്യതയുള്ള ലഭിച്ചതായി തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുമുണ്ടാവാം. അങ്ങിനെ എത്രയോ സംഭവങ്ങൾ കോൺഗ്രസുകാരുടെ ഭാരത്തിലുണ്ടായിട്ട്….. ഇന്ദിരാഗാന്ധിയുടെ കാലത്തെ കുപ്രസിദ്ധമായ നഗർവാല കേസ് ഉൾപ്പടെ. ശശി തരൂരിന്റെ പത്നിയുടെ മരണം ആ ലിസ്റ്റിലെ ഒരെണ്ണം മാത്രമാണ് എന്ന് പറയുന്നവരെയും കാണാമല്ലോ. മരണം നടന്ന ഹോട്ടലിലെ സിസിടിവി അടക്കം നശിപ്പിച്ച പാരമ്പര്യമാണ് അവർക്കുളളത് എന്നത് മറക്കാനാവുമോ?.
 
കർണാടകത്തിൽ ക്രമസമാധാന പാലനം തീരെ മോശമായിട്ട് കാലം കുറച്ചായി. കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങൾ, ഗ്രൂപ്പ് കളികൾ ഒക്കെ അതിനു ഒരു പരിധിവരെ കാരണമായിട്ടുമുണ്ട് എന്ന് കരുതുന്നവർ കുറവല്ലതാനും. മന്ത്രി ഡികെ ശിവകുമാറിന്റെ വസതിയിലും മറ്റു നടന്ന ആദായനികുതി -എൻഫോഴ്‌സ്‌മെന്റ് റൈയ് ഡുകൾക്ക് പിന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് എന്ന് പറഞ്ഞത് ആ മന്ത്രിയുടെ അമ്മതന്നെയാണല്ലോ.
തനിക്ക് പ്രതിയോഗിയാണ് എന്ന് കരുതുന്നവരെ നശിപ്പിക്കാനും മറ്റുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നതാണ് പൊതുവേ കേൾക്കുന്ന ആക്ഷേപം. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ജയിക്കാൻ മാത്രമല്ല മുഖ്യമന്ത്രിയാവാൻ മറ്റാരും വരരുത് എന്നും അദ്ദേഹം ചിന്തിക്കുന്നു. അതിനുള്ള കരുനീക്കങ്ങൾ നടത്തുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥപോലും അവിടെ ഉണ്ടായിട്ടുണ്ട് എന്നതിന് എത്രയോ ഉദാഹരണങ്ങൾ ഉണ്ട്.
 
ബാംഗ്ളൂർ അഗ്രഹാര ജയിലിൽ കഴിയുന്ന ഒരു പ്രതിക്കായി വിവിഐപി സൗകര്യമൊരുക്കിയത് ഓർമയില്ലേ. സുപ്രീം കോടതി ശിക്ഷിച്ച പ്രതിയെ ഷോപ്പിംഗ് നടത്താൻ അയച്ചത് …. ഇതൊക്കെ പുറത്തുകൊണ്ടുവന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ ഗതിയെന്തായിരുന്നു?. ഒരു കേസിൽ സത്യസന്ധമായി അന്വേഷണവുമായി മുന്നോട്ട്പോയതാണത്രേ എംകെ ഗണപതി എന്ന ഡിവൈഎസ്‌പിക്ക് മരണം ഏറ്റുവാങ്ങേണ്ടിവന്നത്. തനിക്കെതിരായ ഭീഷണിയെക്കുറിച്ച് ആ ഉദ്യോഗസ്ഥൻ ഒരു ടിവി ചാനലിനോട് പറഞ്ഞതിനാൽ കാര്യങ്ങൾ കുറെയൊക്കെ വെളിച്ചത്തായി.
 
ആ കൊലപാതകമാണ് ഇപ്പോൾ സിബിഐക്ക് വിടാൻ സുപ്രീം കോടതി തീരുമാനിച്ചത്. സിബിഐ അന്വേഷണത്തെ എതിർത്ത് കോൺഗ്രസുകാർക്ക് വേണ്ടി അത്യുന്നത നീതിപീഠത്തിൽ എത്തിയത് കപിൽ സിബലും മനു അഭിഷേക് സിംഗ്‌വിയും……. അഭിഭാഷകരായ മുതിർന്ന രണ്ട കോൺഗ്രസ് നേതാക്കൾ. അവരുടെയൊക്കെ, കോൺഗ്രസിന്റെയൊക്കെ, ബേജാർ ഇതിൽ നിന്നൊക്കെ വ്യക്തമല്ലേ?.
 
അല്ലെങ്കിൽ ഒരു കേസ് സിബിഐ അന്വേഷിക്കുന്നതിൽ എന്താണ് പ്രശ്നം……. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ?. ഐഎഎസ് ഉദ്യോഗസ്ഥരടക്കം സംശയാസ്പദമായ രീതിയിൽ മരണമടഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് കർണാടകത്തിൽ എന്നതും ഇപ്പോൾ സ്മരിക്കാതെ പോകാനാവില്ല. ഞാൻ ഓർമ്മിപ്പിച്ചത്, കർണാടകത്തിൽ ഒരു ദാരുണ മരണം നടന്നാൽ, കൊലപാതകം നടന്നാൽ അതിൽ വലിയ അതിശയമൊന്നുമില്ല എന്നതാണ്.
 
ഇനി മരണമടഞ്ഞ മാധ്യമ പ്രവർത്തകയിലേക്ക്‌ വരാം. അവർ കർണാടകത്തിൽ ഒരു ശക്തമായ സാന്നിധ്യമായിരുന്നു എന്നതിൽ തർക്കമില്ല. പരസ്യം വാങ്ങാതെ ഒരു പത്രം പുറത്തിറക്കുക എന്നതുതന്നെ വലിയ കാര്യമാണല്ലോ. സാധാരണനിലക്ക് എളുപ്പമുള്ള കാര്യമല്ല അത് എന്നതും മാധ്യമ രംഗത്തെ വലിയ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സമ്മതിക്കാതെ വയ്യ.
അതൊരു വേറിട്ട ചിത്രമാണ്, സംശയമില്ല. ഇനി ആരാണ് ഗൗരി എന്നതുകൂടി അന്വേഷിക്കേണ്ടതുണ്ട്. നക്സൽ -മാവോയിസ്റ്റ് ബന്ധമുള്ള ഒരാളായിരുന്നു അവർ എന്നത് ആരും സമ്മതിക്കും. പഠിക്കുന്ന കാലത്ത്തന്നെ ഇടതുപക്ഷ ലൈനായിരുന്നു….. ഒരു സിപിഎം പ്രവർത്തക എന്നൊക്കെ പറയാം. എന്നാൽ സിപിഎമ്മിന്റെയൊക്കെ തനിനിറം തിരിച്ചറിഞ്ഞിട്ടാണോ അല്ലെങ്കിൽ അതിൽ വിപ്ളവമില്ല എന്ന കണ്ടെത്തൽ കൊണ്ടാണോ എന്നറിയില്ല അവർ എത്തിപ്പെട്ടത് തീവ്ര ഇടതു സംഘടനക്കൊപ്പമാണ്. ആ മനസിന്റെ ഉടമയായതുകൊണ്ടുകൂടിയാവാം എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധ മനോഭാവം അവർ എന്നും പുലര്ത്തിപ്പോന്നു.
 
അവരുടെ പ്രസിദ്ധീകരണത്തിന്റെ പ്രത്യേകതയും പ്രാധാന്യവും അതായിരുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു….. അത് ഭരണരംഗത്ത് ഉള്ളവർക്കെതിരെ മാത്രമല്ല, ഫ്ലാറ്റ്- ഭൂ -ഖനി മാഫിയകൾക്കെതിരെയും അവർ സ്വീകരിച്ച നിലപാടുകൾ വ്യക്തം. ഒരുവിധത്തിലുള്ള തുറന്നെഴുത്തായിരുന്നു അത്. ആർക്കും വഴിപ്പെടാറില്ല………. അതിനെക്കുറിച്ച്, മറുവശം കേൾക്കാതെയുള്ള പടപ്പുറപ്പാട് എന്ന് പറയുന്നവരുമുണ്ട്. കാരണം ‘മാഫിയകളു’മായി സംസാരിക്കാൻ പോലും തയ്യാറാവാതെവന്നാൽ ഒരു പക്ഷമല്ലേ കേൾക്കാൻ കഴിയൂ.
 
മാഫിയകൾ എന്ന് സാധാരണ പറയാറുള്ളവരെ ശത്രുവായി നിർത്തിക്കൊണ്ടുള്ള ആക്രമണങ്ങൾ ആയിരുന്നു പലതും. അത് ഇടയ് ക്കൊക്കെ ഭരണത്തിന്റെ തലപ്പത്തുള്ളവരെയും വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടർക്കൊക്കെ കുറെയൊക്കെ ഒരു മനസുതന്നെയാണല്ലോ പലപ്പോഴും കാണാറുള്ളത്.
 
അവരുടെ കടുത്ത ഇടത് ലൈനിൽ നിന്നുകൊണ്ടുതന്നെയാണ് അവർ മറ്റ് പ്രസ്ഥാനങ്ങളെയും കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഹിന്ദു സംഘടനകൾ എന്നും അവരുടെ മനസ്സിൽ ശത്രുതന്നെയായിരുന്നു. അതും എഴുത്തിൽ പ്രതിഫലിച്ചിട്ടുണ്ടാവും. പക്ഷെ ഇവിടെ നാം ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം, ചില മത ന്യൂനപക്ഷങ്ങളുടെ മറവിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ അവർക്ക് ഒരിക്കലും വിഷമമുണ്ടാക്കിയിരുന്നില്ല എന്നതാണ്.
 
ഇതൊക്കെ സൂചിപ്പിച്ചത്, ഹിന്ദു സംഘടനകൾ ആണ് ഗൗരിയുടെ ഏക ശത്രു എന്ന കേരളത്തിലെ ഇടത് -കോൺഗ്രസ് മാധ്യമങ്ങളുടെ വാദം ശരിയല്ല എന്ന് കാണിക്കാനാണ്. സിപിഎമ്മും രാഹുൽ ഗാന്ധിയുമൊക്കെ ഗൗരിയുടെ ദാരുണമായ മരണത്തിന്‌ തൊട്ട് പിന്നാലെ ആർഎസ്എസിൽ പങ്കാളിത്തം കണ്ടെത്തിയത് ദുഷ്ടലാക്കോടെയാണ് എന്നതും ഏറെക്കുറെ മനസിലാക്കാൻ ഈ ചരിത്രം ഉപകരിക്കും. ഇതിനൊക്കെയൊപ്പമാണ് ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത്തിന്റെ വാക്കുകൾ വായിക്കേണ്ടതും.
 
ഇനി മറ്റൊന്ന് കൂടി നോക്കുക. ഗൗരിയുടെ കൂടെ പഠിച്ച ഒരു സുഹൃത്തിന്റെ ട്വീറ്റ് ആണിത്. ഇംഗ്ലീഷിലാണ് : “Gauri was in my batch at IIMC. An idealist leftist. In the end, became victim of the same politics she believed in and fought for”. വിവേക് അഗ്നിഹോത്രി എന്ന സിനിമ മേഖലയിലെ പ്രമുഖനാണ് ഇത് വെളിപ്പെടുത്തിയത്. ആ ട്വീറ്റിൽ ഉരുപ്പടി കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. വിവേകിന് ഗൗരിയെ അടുത്തറിയാം.
 

അടുത്തകാലത്തും അവർക്കിടയിൽ ബന്ധങ്ങളുണ്ടായിരുന്നു, അവർ സംവദിച്ചിരുന്നു. അവരുടെ പ്രശ്നങ്ങൾ മനസിലാക്കിയിരുന്നു. ഇനി മറ്റൊരു കാര്യം കൂടി നോക്കാം. കർണാടകത്തിൽ അടുത്തിടെ ഏതാനും മാവോയിസ്റ്റുകൾ, നക്സലുകൾ, പോലീസിനുമുന്നിൽ കീഴടങ്ങിയിരുന്നു. മാവോയിസത്തിൽനിന്നുള്ള തിരിച്ചുപോക്ക്. അതിന്‌ മുൻകൈയെടുത്തത് ഗൗരിയായിരുന്നു. ഇത്തരത്തിൽ നക്സലുകളെ ദേശീയധാരയിലേക്ക് കൊണ്ടുവരാൻ വേണ്ടി സർക്കാർ രൂപീകരിച്ച സമിതിയുമായും ഗൗരി അടുത്ത്‌ ബന്ധപ്പെട്ടിരുന്നു.

 
എന്നാൽ ഗൗരിയുടെ ഈ നീക്കത്തിൽ മാവോയിസ്റ്റുകൾക്ക് തീരെ തൃപ്തിയില്ലായിരുന്നു എന്ന് മാത്രമല്ല അതിനെ അവ ശക്തമായി എതിർക്കുകയും ചെയ്തു. മാവോയിസ്റ്റുകൾ അങ്ങിനെയായില്ലെങ്കിലല്ലേ അതിശയമുള്ളൂ. അവർ പശ്ചിമഘട്ട മേഖലയിൽ ഗൗരിക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു എന്ന അവരുടെ സഹോദരന്റെ വാക്കുകൾ കോടി ഇവിടെ ഓർക്കേണ്ടതുണ്ട്. താൻ വിശ്വസിച്ച താൻ പോരാടിയ പ്രസ്ഥാനത്തിന്റെ തന്നെ ഇരയായി ഗൗരി മാറി എന്ന് സുഹൃത്ത് പറയുമ്പോൾ എന്താണ് മനസിലാക്കേണ്ടത്?.
ഇതിന്റെയൊപ്പം വായിക്കേണ്ട രണ്ട്‌ ട്വീറ്റുകൾ കൂടിയുണ്ട്. രണ്ടും ഗൗരിയുടേത് തന്നെ. അതിന്റെ പ്രാധാന്യമേറുന്നത് അവർ കൊലചെയ്യപ്പെട്ട ദിവസം കുറിച്ചതാണ് അവ രണ്ടും എന്നതുകൊണ്ടാണ് . അതിവിടെ ചേർക്കാം, ഇംഗ്ലീഷിലാണ്. (1). ” Why do I feel that some of ‘us’ are fighting between ourselves?. We all know our “biggest enemy”. Can we all please concentrate on that?”. (ഇനി രണ്ടാമത്തേത് ). “Ok some of us commit mistakes like sharing fake posts. Lets warn each other then, and not try to expose each other. Peace, comrades.”
 
ഇത് രണ്ടും ആരെയാണ് ലക്ഷ്യമിടുന്നത് എന്നത് വ്യക്തമല്ലേ…… നക്സലൈറ്റുകളെ, മാവോയിസ്റ്റുകളെ. അവർക്കിടയിലെ പ്രശ്നങ്ങൾ ആണ് ആ അവസാന നിമിഷങ്ങളിലും ഗൗരിയെ അലട്ടിയിരുന്നത്. ഇനി ഒന്നുകൂടി ഓർക്കുക, ഈ രണ്ട് ട്വീറ്റുകളും കുറിച്ചത് ഗൗരി ലങ്കേഷ് മരണമടഞ്ഞദിനത്തിൽ പുലർച്ചെ 3 .04 നും 3. 07 നും ആണ്. സാധാരണനിലേക്ക് മനുഷ്യർ നല്ല ഉറക്കത്തിലുള്ള സമയത്ത് ഇതുപോലെ രണ്ട്‌ ട്വീറ്റുകൾക്ക് കാരണം എന്താവണം…….. എന്തായിരിക്കാം അവരെ ആ ഇരുട്ടിന്റെ വേളയിലും അലട്ടിയിരുന്നത്…… ഏതെങ്കിലും ഭീഷണി? സംശയങ്ങൾ നീളുകയാണ് സഖാക്കളേ, നീളുകതന്നെയാണ്. വിവേക് അഗ്നിഹോത്രി കുറിച്ചതും ഇതൊനൊപ്പമാണ് വായിക്കേണ്ടത്.
 
നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റത് മുതൽ മനസിന്റെ സ്വസ്ഥത നഷ്ടപ്പെട്ട കുറേപ്പേർ ഇവിടെയുണ്ട്. ദേശവിരുദ്ധ ശക്തികൾ അതിലെ പ്രധാനികളാണ്. രാഷ്ട്രീയത്തിന്റെ മറവിൽ സമ്പാദിച്ചുകൂട്ടിയവർ മറ്റൊന്ന്. മതത്തിന്റെ മറവിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നവർ മറ്റൊരുകൂട്ടർ. പിന്നെ അധികാരം നഷ്ടപ്പെട്ടവരും അടുത്തെങ്ങും അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് തിരിഞ്ഞുനോക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞവരും.
 
അഴിമതി നടത്തിയവർ വേറെ ഒരു കൂട്ടർ. അക്കൂട്ടത്തിൽ രാഷ്ട്രീയക്കാരുമുണ്ട്. ഇവർക്കൊക്കെ നിരാശയുണ്ട്. അവർ പലവിധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുനോക്കി…… ജെഎൻയു മുതൽ ഹൈദരാബാദ് സർവകലാശാല തുടങ്ങി പുരസ്‌കാരങ്ങൾ തിരിച്ചേൽപ്പിച്ചത് വരെ എന്തെല്ലാം കപട- രാഷ്ട്രീയ നാടകങ്ങൾ …… സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയും കെജ്‌രിവാളും മുതൽ അഴിമതിക്കുണ്ടിൽ കഴിയുന്ന വാദ്രമാരും ലാലുയാദവ് മാരും ഒക്കെയുണ്ട്. അവർക്ക് ഒന്നേ വേണ്ടൂ, എങ്ങിനെയെങ്കിലും മോഡി – അമിത്ഷാ അച്ചുതണ്ടിനെ ഒന്ന് തകർക്കണം. സംഘ പ്രസ്ഥാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കണം. ഗുജറാത്തിൽ അതിനായി പലതും ചെയ്തത് ഓർമ്മിക്കുക…….
 
അമിത്ഷായെ അടക്കം കള്ളക്കേസിൽ കുടുക്കിയവർ. ഇന്നിപ്പോൾ അതിനൊക്കെ കഴിയാതായിരിക്കുന്നു. പിന്നെ ചെയ്യാവുന്നത് ഇതുപോലെ തെരുവിൽനിന്നുകൊണ്ടുള്ള വിളിച്ചുകൂവലാണ്. എന്തിന്റെ പേരിലും സംഘ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കുവാനുള്ള ഉദ്യമങ്ങൾ. ഇതുവരെ അവർ നടത്തിയതൊക്കെ പരാജയപ്പെട്ടു, ഇനിയും അതുതന്നെയാവും വിധി. ഇതൊക്കെ ഇക്കൂട്ടർ ചെയ്യുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയിൽ, ബിജെപിയിൽ, സംഘ പ്രസ്ഥാനങ്ങങ്ങളിൽ ആഴത്തിൽ വിശ്വാസം അർപ്പിക്കുന്നു എന്നതാണല്ലോ തിരഞ്ഞെടുപ്പുകൾ കാട്ടിത്തന്നത്.
 
പക്ഷെ യെച്ചൂരിയും രാഹുലും ഇപ്പോഴും പ്രതീക്ഷയർപ്പിക്കുന്നു, അവർക്ക് നല്ല നമോവാകം. രാജ്യം മുന്നോട്ടു പോകുമ്പോൾ നിങ്ങൾക്ക് എന്നും എപ്പോഴും പിന്തിരിഞ്ഞു നിൽക്കാനേ കഴിയൂ എന്നതും പറയാതെ പോകാനാവില്ല. കൽബുർഗി, പൻസാരെ, ദബോൽക്കർ തുടങ്ങിയവരുടെ കേസിലെ പ്രതികളെ പിടിക്കാതിരുന്നവർ ഒരു പക്ഷെ നാളെ ഈ കേസിൽ ഒരു ഹിന്ദുവിനെ അറസ്റ്റ് ചെയ്ത് മറ്റൊരു നാടകം കളിച്ചാലും അതിശയിക്കാനില്ല……
 
രാഷ്ട്രീയമാണല്ലോ, തിരഞ്ഞെടുപ്പാണല്ലോ ………… നിലനിൽപ്പാണല്ലോ പ്രശ്നം. അവിടെയാണ് ഗൗരിയുടെ സഹോദരന്റെ വാക്കുകൾ കൂടുതൽ പ്രസക്തമാവുക : ” എനിക്ക് കർണാടക പോലീസിൽ വിശ്വാസമില്ല, സിബിഐ അന്വേഷണംവേണം….”.

shortlink

Related Articles

Post Your Comments

Related Articles


Back to top button