പല രോഗങ്ങള്‍ക്കെതിരേയും ഉപയോഗിക്കാവുന്ന ഔഷധമാണ് കറിവേപ്പില. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. വയറുവേദന, അതിസാരം, അരുചി, കൃമിദോഷം, അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള അത്യപൂര്‍വ്വ ഔഷധ ചെടിയാണ് കറിവേപ്പില.
വിറ്റാമിന്‍ എ കൂടുതല്‍ ഉള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതു കൂടാതെ ഹൃദയപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനും ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിനും കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കുന്നതിനും കറിവേപ്പില സഹായകമാണ്.
ദഹന ശക്തി വര്‍ദ്ധിപ്പിക്കാനും, ഉദര രോഗങ്ങള്‍ ശമിപ്പിക്കുവാനും കറിവേപ്പില അത്യുത്തമമാണ്. ആസ്ത്മ രോഗികള്‍ ഒരു തണ്ടു കറിവേപ്പിലയും അല്‍പ്പം പച്ചമഞ്ഞളും നന്നായി അരച്ച് നെല്ലിക്കാ വലിപ്പത്തില്‍ നിത്യേന കഴിക്കുന്നത് രോഗം ശമിക്കുവാന്‍ സഹായിക്കും.
കറിവേപ്പിലയും മഞ്ഞളും കൂട്ടി കഴിക്കുന്നത് കൊളസ്ട്രോളിനും അലര്‍ജി തുമ്മല്‍ എന്നിവക്കും ഫലപ്രദമാണ്. കറിവേപ്പില പാലില്‍ അരച്ചു വേവിച്ച് പുരട്ടിയാല്‍ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റല്‍, വിഷാഘാതം എന്നിവക്ക് ശമനമുണ്ടാകും. ചിലതരം ത്വക്ക്രോഗങ്ങള്‍ വെളിച്ചെണ്ണയില്‍ കറിവേപ്പിലയും മഞ്ഞളും അരച്ചു തേച്ചാല്‍ ശമനമുണ്ടാകും.
തലമുടി വളരാനുള്ള കൂട്ടുകളില്‍ കറിവേപ്പിലയ്ക്ക് വലിയ സ്ഥാനമുണ്ട്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചുകുളിക്കുന്നത് മുടി സമൃദ്ധമായി വളരുന്നതിനും മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കുന്നതിനും സഹായകമാണ്.
തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ മതിയാവും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് കുളിച്ചാല്‍ പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം മാറിക്കിട്ടും.
കറിവേപ്പില അരച്ച് പുളിച്ച മോരില്‍ കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ ശമിപ്പിക്കും. ഉപ്പൂറ്റി വിണ്ടു കീറുന്നതിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ പുരട്ടിയാല്‍ മതി.
Post Your Comments