Latest NewsNewsInternational

ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കൊടുങ്കാറ്റ് രൂപപ്പെടുന്നു : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഭരണകൂടം

 

ഫ്‌ളോറിഡ: വീണ്ടുമൊരു കൊടുങ്കാറ്റ് അമേരിക്കയെ വേട്ടയാടാനെത്തുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. അമേരിക്കയെ തകര്‍ത്തെറിയാന്‍ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കൊടുങ്കാറ്റാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊള്ളുന്നത്. മണിക്കൂറില്‍ 185 മൈല്‍ വരെ വേഗതയില്‍ ആഞ്ഞടിക്കുന്ന ഇര്‍മ കൊടുങ്കാറ്റാണിത്. അറ്റ്‌ലാന്റിക് സമുദ്രം ഇന്നേ വരെ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഇപ്പോള്‍ രൂപപ്പെട്ട് തുടങ്ങിയിരിക്കുന്നത്.നിലവില്‍ കരീബിയന്‍ ദ്വീപുകളിലൂടെ നീങ്ങുന്ന ഈ കാറ്റ് ഫ്‌ളോറിഡയെ ലക്ഷ്യം വച്ചാണെന്നും മുന്നറിയിപ്പുണ്ട്. കടുത്ത വിനാശകാരിയായ ഈ കാറ്റില്‍ നിന്നും ജനത്തെ രക്ഷിക്കാന്‍ ഫ്‌ളോറിഡയിലും ജോര്‍ജിയയിലും നിര്‍ബന്ധിത ഒഴിപ്പിക്കല്‍ തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

തികച്ചും അപകടകരമായ കാറ്റഗറി 5ലേക്കാണ് ഇര്‍മ ഇന്നലെ എത്തിച്ചേര്‍ന്നിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് കരീബിയനിലൂടെയാണ് അത് യുഎസിനെ ലക്ഷ്യം വച്ച് അലറിയടിച്ച് മുന്നേറുന്നത്. ഇര്‍മയ്ക്ക് മണിക്കൂറില്‍ 185 മൈല്‍ വരെ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പേകിയിരിക്കുന്നത് യുഎസ് നാഷണല്‍ ഹരികെയിന്‍ സെന്ററാണ്. അറ്റ്‌ലാന്റിക്കിന്റെ ചില ഭാഗങ്ങളിലെ ജലം പതിവായി ചൂടാകുന്നതാണ് ഇര്‍മ ഇത്രയും ശക്തിപ്രാപിക്കാനുള്ള കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ കാറ്റ് ഈ ആഴ്ച അവസാനം ഫ്‌ളോറിഡയിലെത്തി കനത്ത നാശം വിതയ്ക്കുമെന്നാണ് സെന്റര്‍ മുന്നറിയിപ്പേകുുന്നത്.

എന്നാല്‍ കാറ്റിന്റെ ഗതി നേരത്തെ മനസിലാക്കാന്‍ സാധിച്ചിരിക്കുന്നതിനാല്‍ ഇത് കടന്ന് പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഹരികെയ്ന്‍ പ്ലാന്‍ ഇപ്പോള്‍ തന്നെ മുന്‍കരുതലായി നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ ഫ്‌ളോറിഡയിലുടനീളം സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിക്കാനും കാറ്റ് സംഹാരതാണ്ഡവമാടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെ മുന്‍കൂട്ടി ഒഴിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രസ്തുത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇര്‍മയുടെ ശക്തികേന്ദ്രം ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച രാവിലെയോ ലീവാര്‍ഡ് ദ്വീപുകള്‍ക്കടുത്ത് കൂടെയോ അല്ലെങ്കില്‍ മുകളില്‍ കൂടെയോ നീങ്ങുമെന്നാണ് ഹരികെയിന്‍ സെന്റര്‍ പറയുന്നത്. ബുധനാഴ്ച പ്യൂര്‍ട്ടോ റിക്കോയില്‍ നിന്നും 50 മൈല്‍ അകലെയുള്ള ഭാഗങ്ങളിലൂടെയും കാറ്റ് കടന്ന് പോയേക്കാം. ഈ കാറ്റിനെ തുടര്‍ന്ന് 10 ഇഞ്ചോളം മഴയും മണ്ണിടിച്ചിലും പെട്ടെന്നുള്ള വെള്ളപ്പൊക്കവുമുണ്ടാകുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ തിരകള്‍ 23 അടി ഉയരത്തില്‍ വരെ അടിച്ചുയരുകയും ചെയ്‌തേക്കാം. കാറ്റിനെ നേരിടാന്‍ ഗവണ്‍മെന്റ് ഒഫീഷ്യലുകള്‍ സാധ്യമായ മുന്‍കരുതലുകളും ആളുകളെ ഒഴിപ്പിക്കലും തുടര്‍ന്ന് വരുന്നുണ്ട്.

പ്യൂര്‍ട്ടോ റിക്കോ അടക്കമുള്ള മിക്ക ദ്വീപുകളിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കാറ്റിന്റെ ഗതി സദാസമയവും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് യുഎസിന്റെ കിഴക്കന്‍ തീരങ്ങല്‍ലുള്ളവരോട് മുന്നറിയിപ്പേകിയിരിക്കുന്നത്. അതായത് കാറ്റ് ഫ്‌ളോറിഡ, ജോര്‍ജിയ, അല്ലെങ്കില്‍ കരോലിനാസ് എന്നിവിടങ്ങളിലേക്ക് വഴിതിരിയാന്‍ തുടങ്ങിയാല്‍ കനത്ത മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. ഈ കാറ്റിന് കിഴക്കന്‍ തീരത്ത് വ്യാപകമായ നാശനഷ്ടമുണ്ടാക്കാന്‍ കരുത്തുണ്ടെന്നാണ് അക്യുവെതറിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഇവാന്‍ മേയേര്‍സ് മുന്നറിയിപ്പേകുന്നത്.

ഇര്‍മ ഡൊമിനീഷ്യന്‍ റിപ്പബ്ലിക്കിലും ഹെയ്തിയിലും വ്യാഴാഴ്ചയോ അല്ലെങ്കില്‍ വെള്ളിയാഴ്ച കാലത്തോ എത്തിച്ചേര്‍ന്നേക്കും. കെയ്‌കോസില്‍ വ്യാഴാഴ്ച രാത്രിയിലോ വെള്ളിയാഴ്ച രാവിലെയോ ഇര്‍മ എത്തിച്ചേരും. ബഹാമാസില്‍ വെള്ളിയാഴ്ചയോ ഈ വീക്കെന്‍ഡിലോ ആയിരിക്കും കാറ്റ് നാശം വിതയ്ക്കുന്നത്. ക്യൂബയിലും ഇത് തന്നെയാണ് സ്ഥിതി. സൗത്ത് ഈസ്റ്റ് യുഎസില്‍ കാറ്റിന്റെ കാഠിന്യം അനുഭവപ്പെടാന്‍ സാധ്യത ഈ വീക്കെന്‍ഡ് മുതല്‍ അടുത്ത ആഴ്ച വരെയുള്ള സമയത്തായിരിക്കുമെന്നും പ്രവചനമുണ്ട്. സൗത്ത് ഫ്‌ളോറിഡയില്‍ കാറ്റ് ആഞ്ഞടിക്കുന്നത് ശനിയാഴ്ചയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button