കണ്ണൂർ: സിവിൽ സപ്ലൈസ് വകുപ്പിന്റെ മൊബൈൽ സന്ദേശം വിശ്വസിച്ചെത്തിയ കാർഡ് ഉടമകൾ വെറുംകൈയോടെ മടങ്ങി. ഓണം സ്പെഷൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ റേഷൻ കടയിൽ ചെല്ലണമെന്നാണ് സന്ദേശം വന്നത്.
പലയിടത്തും രോഷാകുലരായ കാർഡ് ഉടമകളും റേഷൻകട ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. മതിയായ സ്റ്റോക്ക് എത്തിക്കാത്തതും സപ്ലൈകോ വിതരണത്തിലെ അപാകവുമാണു പ്രതിസന്ധിയുണ്ടാക്കിയതെന്നാണു സൂചന.
സന്ദേശമെത്തിയത് റേഷൻ കാർഡ് പുതുക്കുന്ന സമയത്തു നൽകിയ മൊബൈൽ നമ്പരുകളിലേക്കാണ്. സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ വിതരണം കാർഡ് ഉടമകളെ അറിയിക്കാനായി ആദ്യമായാണ് ഈ സംവിധാനം ഉപയോഗിച്ചത്.
പഞ്ചസാരയുടെ വിതരണം 16 വരെ നീട്ടിയിരുന്നെങ്കിലും അതു സന്ദേശത്തിൽ വ്യക്തമാക്കാത്തതും തിരിച്ചടിയായി. കാർഡ് ഉടമകൾ അതിരാവിലെ മുതൽ എത്താൻ തുടങ്ങിയതോടെ 14 ജില്ലകളിലും തർക്കങ്ങളും വാക്കേറ്റവുമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ ഉച്ചയോടെ സ്റ്റോക്കില്ലാത്ത കടകൾ അസോസിയേഷൻ തീരുമാനപ്രകാരം അടച്ചിട്ടു.
Post Your Comments