കൊച്ചി: ആംബുലന്‍സുകൾക്ക് തിരക്കില്‍ കുരുങ്ങാതെ മുന്നോട്ടുള്ള യാത്ര സുഗമമാക്കുകയാണ് ട്രാഫിറ്റൈസര്‍ സംവിധാനം വരുന്നു. ഇനി എറണാകുളത്ത് കാക്കനാട് -പള്ളിമുക്ക് റോഡില്‍ ആറു ജങ്ഷനുകളില്‍ ഗതാഗതനിയന്ത്രണം ട്രാഫിറ്റൈസറിന്റെ മേല്‍നോട്ടത്തിലാകും. ഇതൊരുക്കിയിരിക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്രാഫിറ്റൈസര്‍ ടെക്നോളജീസാണ്. എം. മുഹമ്മദ് ജാസിം, യു.കെ. മുഹമ്മദ് സാദിഖ് എന്നിവരാണ് സംവിധാനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.
ഇവര്‍ രാജഗിരി എന്‍ജിനീയറിങ് കോളേജിലെ പഠനകാലയളവിലാണ് പദ്ധതിക്കു തുടക്കംകുറിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ കോളേജ് ക്യാമ്പസില്‍ നടപ്പാക്കി. വിജയകരമെന്ന് തെളിഞ്ഞതോടെ പൊതുറോഡിലെ പരീക്ഷണത്തിന് അനുമതി നേടി. മൂന്നുമാസത്തോളമായി പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി കാക്കനാട് ജങ്ഷനില്‍ നടപ്പാക്കുന്നുണ്ട്. കാക്കനാട്ട് നിന്ന് വൈറ്റില വഴി പള്ളിമുക്ക് വരെ വ്യാപിപ്പിക്കാനുള്ള നടപടികളായി. പോലീസുദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെയുള്ള പരിശീലനം നടക്കുകയാണ്. ഈ മാസംതന്നെ റോഡില്‍ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും.
പദ്ധതി ആശുപത്രികളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ആംബുലന്‍സ് എത്തുന്നത് തിരിച്ചറിയാനുള്ള സംവിധാനം ജങ്ഷനുകളിലും നിയന്ത്രണസംവിധാനം കണ്ട്രോള് റൂമിലും സ്ഥാപിക്കുന്നതിനൊപ്പം ആംബുലന്‍സുകളില്‍ ഒരു മൊബൈലുമുണ്ടാകും. ആംബുലന്‍സ് ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുന്നതിന് മുന്‍പ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യും. ഇതോടെ മുന്നോട്ടുള്ള വഴിയെല്ലാം ട്രാഫിറ്റൈസര്‍ സുഗമമാക്കും.
Post Your Comments