ഹ്യൂസ്റ്റണ്‍•അമേരിക്കയില്‍ ഹ്യൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റിനിടെ തടാകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ശാലിനി സിംഗ് (25) മരിച്ചു. ശാലിനിയോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി നിഖില്‍ ഭാട്ടിയ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
ടെക്‌സസിലെ എ ആന്‍ഡ് എം സര്‍വകലാശാല പബ്ലിക് ഹെല്‍ത്ത് ബിരുദാനന്തര വിദ്യാര്‍ഥിയായിരുന്നു ഡല്‍ഹി സ്വദേശിനിയായ ശാലിനി. ബ്രയാന്‍ തടാകത്തില്‍ നീന്തലില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. ആഗസ്റ്റ് 30 നാണ് ഇവരോടൊപ്പം രക്ഷപ്പെടുത്തിയ നിഖില്‍ ഭാട്ടിയ മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ശാലിനി കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചതായി സ്ഥിരീകരിച്ചത്.
അപകടവാര്‍ത്ത അറിഞ്ഞ് ശാലിനിയുടെ സഹോദരനും അമ്മാവനും 30 ന് അമേരിക്കയിലേക്ക് പോയിരുന്നു. മരണസമയത്ത് ഇരുവരും അടുത്തുണ്ടായിരുന്നു. ഗ്രേറ്റര്‍ നോയ്ഡയിലെ ഐ.ടി.എസ് ഡെന്റല്‍ കോളേജില്‍ നിന്നും ദന്ത സര്‍ജറിയല്‍ ബിരുദം നേടിയ ശാലിനി രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യുന്നതിനായാണ് കഴിഞ്ഞമാസം അമേരിക്കയിലെത്തിയത്. ശാലിനിയുടെ സംസ്കാരം ബ്രയാനില്‍ തന്നെ നടത്തും.
ശാലിനിയും നിഖിലും തടാകത്തില്‍ നീന്തിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നെത്തിയ ജലപ്രവാഹത്തില്‍ ഇരുവരും മുങ്ങിപ്പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കളും ദൃക്സാക്ഷികളും പറഞ്ഞു. ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ അനുമപം റോയ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ശാലിനിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടായിരുന്നു.
Post Your Comments