കളമശ്ശേരി: ടാക്‌സിയായി വേഗപ്പൂട്ടില്ലാത്ത കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. പലരും ഇക്കാര്യം അറിയുന്നത് ടാക്‌സി കാറുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ കാര്‍ വാങ്ങി ടാക്‌സി രജിസ്‌ട്രേഷനെത്തുമ്പോഴാണ്. വാഹന നിര്‍മാതാക്കള്‍ വേഗപ്പൂട്ടില്ലാത്ത കാറുകളില്‍ ഈ സംവിധാനം ഒരുക്കിക്കൊടുക്കാന്‍ തയ്യാറാകുന്നുമില്ല.
ടാക്‌സിയായി ഓടിക്കാനാണെങ്കില്‍ അക്കാര്യം പറഞ്ഞു വേണം കാര്‍ ബുക്ക് ചെയ്യാന്‍. നിര്‍മാതാക്കള്‍ തന്നെ ടാക്‌സിയായി ഓടാനുള്ള കാറുകളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കണമെന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമം. 2015 ഒക്ടോബറിനു ശേഷം നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇങ്ങനെ വേണമെന്നായിരുന്നു നിയമം. പിന്നീട് ഇത് 2017 മേയ് ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ടാക്‌സികാറുകളുടെ കാര്യത്തിലേ ഈ നിയമം ബാധകമാവുകയുള്ളൂ എന്ന് നീട്ടിക്കൊടുത്തു.
പലരും ഈ നിയമം അറിയുന്നത് ടാക്‌സി കാറായി രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി ആര്‍.ടി.ഒ. ഓഫീസില്‍ എത്തുമ്പോഴാണ്. മുമ്പ് ഏതു കാര്‍ വേണമെങ്കിലും ടാക്‌സിയായോ സ്വകാര്യ വാഹനമായോ എങ്ങനെ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാനാവുമായിരുന്നു. ഇപ്പോള്‍ അതു പറ്റില്ല.
Post Your Comments