ന്യൂഡല്‍ഹി: രാജീവ് ഗാന്ധി സര്‍ക്കാര്‍ 1986-ല്‍ കൊണ്ടുവന്ന ഉപഭോക്തൃസംരക്ഷണ നിയമം അടിമുടി പരിഷ്‌കരിക്കുന്നു. ഭേദഗതി ബില്‍ ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കുവരുമെന്ന് ഉപഭോക്തൃ മന്ത്രാലയവൃത്തങ്ങള്‍ ‘അറിയിച്ചു.
രണ്ടുവര്‍ഷം മുമ്പ് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിച്ചാണ് സമഗ്രമായ മാറ്റത്തോടെ പുതിയ ബില്‍ കൊണ്ടുവരുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചില ശുപാര്‍ശകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ബില്‍ തയ്യാറാക്കിയത്. ഉപഭോക്തൃതര്‍ക്കപരിഹാര കോടതികളും കമ്മിഷനുകളും നിലനിര്‍ത്തും.
നേരത്തേയുള്ള നിയമത്തില്‍ അടിസ്ഥാനപരമായ അഞ്ചുമാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്തൃ മേഖലയില്‍ സമഗ്ര ഇടപെടലിന് ദേശീയ, സംസ്ഥാന തലങ്ങളില്‍ ഉപഭോക്തൃസംരക്ഷണ അതോറിറ്റികള്‍, ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗുണമേന്മ ഉറപ്പാക്കാന്‍ ഉത്പന്ന ബാധ്യത, തര്‍ക്കങ്ങള്‍ എളുപ്പം പരിഹരിക്കാന്‍ മധ്യസ്ഥത, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ നടപടി, ഓണ്‍ലൈന്‍ വ്യാപാരമേഖല നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരല്‍ എന്നിവയാണ് ഈ മാറ്റങ്ങള്‍.
സേവനദാതാക്കളും ഉത്പന്ന നിര്‍മാതാക്കളും ഗുണമേന്മ ഉറപ്പുവരുത്തിയില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അവര്‍ ബാധ്യസ്ഥരായിരിക്കും. ഉത്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് നിര്‍മാതാവ് നേരത്തേതന്നെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. ഉത്പന്നത്തിന്റെ ന്യൂനത, തകരാറുകള്‍, സേവനത്തിലെ അപര്യാപ്തത തുടങ്ങിയവയെല്ലാം ബാധ്യതയുടെ പരിധിയില്‍ വരും. ‘ഉത്പന്ന ബാധ്യത’ ഉറപ്പാക്കുന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. മിക്കവാറും എല്ലാ മേഖലയിലും ഉത്പന്ന ബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാനിടയുണ്ട്.
ഉപഭോക്തൃതര്‍ക്കപരിഹാര കോടതികളിലും കമ്മിഷനുകളിലുമുള്ള കേസുകള്‍ നീണ്ടുപോയാല്‍ മധ്യസ്ഥതയിലൂടെ അതിന് പരിഹാരം കാണാമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. അംഗീകാരമുള്ള മധ്യസ്ഥര്‍ അതിനായി ഉണ്ടാവും. ഉത്പന്നവും സേവനവും എവിടെനിന്ന് കൈപ്പറ്റുന്നുവോ അവിടെത്തന്നെ ഉപഭോക്താക്കള്‍ പരാതികള്‍ നല്‍കണമെന്നില്ല. ഏതുസ്ഥലത്തും പരാതി സമര്‍പ്പിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
Post Your Comments