ദില്ലി: പുകവലി ശരീരത്തിന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു നാം ഒരുപാട് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പുക വലിക്കരുത്, വലിക്കാന്‍ അനുവദിക്കരുത് എന്ന് നാം തമാശയ്ക്ക് പറയാറുണ്ട്. ക്യാന്‍സര്‍ മാത്രമല്ല ഹൃദ്രോഗങ്ങളും പുകവലി മൂലം ഉണ്ടാകുന്നു. എന്നാല്‍ ഇപ്പോഴിതാ പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ആരോഗ്യപ്രശ്നം കൂടി എയിംസിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുകയാണ്.
അവര്‍ നടത്തിയ സര്‍വ്വേയില്‍ പുകവലിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കാഴ്ച നഷ്ടമായതായാണ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ പുകവലിച്ച ആളുകളില്‍ ഒപ്റ്റിക്കല്‍ നെര്‍വിനു പ്രശ്നങ്ങള്‍ ഉണ്ടാവുകയും ഒപ്പം കാഴ്ച കുറയുകയോ നഷ്ടമാവുകയോ ചെയ്തതായാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. പുകവലി മൂലം കാഴ്ച നഷ്ടമായ 5% ആളുകളുടെ കേസുകള്‍ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഠനത്തിന്റെ സര്‍വ്വേയ്ക്കായി തിരഞ്ഞെടുത്തിരുന്നത് 30 ജില്ലകളെയാണ്. 2010ലെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ 20% ആളുകള്‍ കാഴ്ച പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ്.
Post Your Comments