റോഹ്തക്: ബലാത്സംഗക്കേസിൽ 20 വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹിം ജയിലിൽ മുഴുവൻ സമയവും കരച്ചിലാണെന്ന് സഹതടവുകാരനായിരുന്നയാളുടെ വെളിപ്പെടുത്തല്‍. അഞ്ചു ദിവസം ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ കഴിഞ്ഞ ദളിത് ആക്ടിവിസ്റ്റ് സ്വദേശ് കിരാദാണ് ഇക്കാര്യം പറഞ്ഞത്. ഒമ്പത് മാസത്തെ ജയിൽവാസത്തിനുശേഷം കിരാദ് ജയിലില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ഗുർമീതിനെ പാർപ്പിച്ചിരുന്ന അതീവ സുരക്ഷാ സെല്ലിനു സമീപമാണ് കിരാദിനെയും പാർപ്പിച്ചിരുന്നത്. ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗുർമീത് രാത്രിയിലും കുട്ടികളെ പോലെ ഉച്ചത്തില്‍ കരയുന്നത് കേൾക്കാമായിരുന്നെന്ന് കിരാദ് പറയുന്നു. എന്റെ തെറ്റ് എന്താണ്?, എന്താണ് ഞാൻ ചെയ്തത്? തുടങ്ങിയ ചോദ്യങ്ങളാണ് ഏതുസമയവും ഗുർമീത് ഉച്ചത്തിൽ ചോദിക്കുന്നത്. രാത്രിയിൽ തന്നെ സെല്ലിൽ പൂട്ടിയിടരുതെന്നും തനിക്ക് പേടിയാണെന്നും ഗുർമീത് വിലപിക്കുന്നതു കാണാം- കിരാദ് പറയുന്നു.
ഓഗസ്റ്റ് 25ന് രാത്രി ഭക്ഷണം കൊടുത്തിട്ട് ഗുര്‍മീത് കഴിച്ചില്ല. അന്ന് തറയിലിരുന്ന് ഒരേ കരച്ചിലായിരുന്നു. പിന്നീട് ബിസ്ലരി ബോട്ടില്‍ വെള്ളവും, കുറച്ച് പാലും, ചായയും ബിസ്കറ്റും കഴിച്ചു. എന്നാല്‍ ഗുര്‍മീതിന് പ്രത്യേക പരിഗണനയൊന്നും ജയിലില്‍ നല്‍കുന്നില്ലെന്ന് കിരാദ് പറഞ്ഞു. ഭീഷണി കാരണം പ്രത്യേക സെല്ലിലാണ് അയാളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് മാത്രം. അയാള്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കിരാദ് പറയുന്നു. ശിക്ഷാ വിധി കേട്ട് ഗുര്‍മീത് മുട്ടുകുത്തി നിന്ന് കരഞ്ഞു. എന്നിട്ട് പറഞ്ഞു എന്നെ തൂക്കിക്കൊല്ലു. എനിക്ക് ജീവിക്കേണ്ട എന്ന്.
ജയിലിലെ എല്ലാ തടവുകാർക്കും അവരുടെ അക്കൗണ്ടുകളുണ്ട്. അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ ജയിൽ കാന്റീനിൽനിന്നു കുപ്പിവെള്ളം ലഭിക്കും. അദ്ദേഹം ജയിൽ ഭക്ഷണം കഴിക്കാറില്ല. എന്നാൽ ജയിൽ നിയപ്രകാരമുള്ള പഴങ്ങൾ ഗുർമീതിനു നൽകാറുണ്ടെന്നും കിരാദ് കൂട്ടിച്ചേർത്തു. ബന്ധുക്കളുമായി സംസാരിക്കാനും ഫോണ്‍ ചെയ്യാനും ജയിൽ അധികൃതർ വിലക്കേർപ്പെടുത്താറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments