കൊളംബോ : ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ ബാറ്റിങ് നിര 42.4 ഓവറില്‍ തകര്‍ന്നടിഞ്ഞു. 168 റണ്‍സിനാണ് ലങ്കയുടെ പരാജയം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ശരിക്കും തകര്‍ത്താടുകയായിരുന്നു. ആറു റണ്ണിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ മികവുറ്റ നിലയിലാക്കിയത് സെഞ്ചുറി നേടിയ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുമാണ്. രോഹിത് 88 പന്തില്‍ നിന്ന് 104 ഉം കൊഹ്‌ലി 96 പന്തില്‍ നിന്ന് 131 റണ്‍സും നേടി. 219 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ടാണ് ഇവര്‍ രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യന്‍ നായകന്റെ ഇരുപത്തിയൊന്‍പതാം സെഞ്ചുറിയായിരുന്നു ഇത്. സച്ചിന് 49 ഉം രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങിന് 30 ഉം സെഞ്ചുറികളാണുള്ളത്. 185 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്.
കൊഹ്‌ലി മടങ്ങിയതിന് പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യ പതിവുശൈലിയില്‍ 18 പന്തില്‍ 19 റണ്ണെടുത്ത് മടങ്ങി. തൊട്ടടുത്ത പന്തില്‍ മൂന്ന് സിക്‌സറും 11 ഫോറുകളും നേടിയ രോഹിത് ശര്‍മ്മയേയും ഏഞ്ചല മാത്യൂസ് പുറത്താക്കി. പാണ്ഡ്യെയെ ഡിസില്‍വയും രോഹിത്തിനെ കീപ്പര്‍ ഡിക് വേലയുമാണ് പിടികൂടിയത്. പിന്നാലെ വന്ന ലോകേഷ് രാഹുലിന്(7) ലഭിച്ച അവസരം മുതലാക്കാനായില്ല. എന്നാല്‍ പിന്നീട് മനീഷ് പാണ്ഡെയും(50) ധോണിയും(49) തങ്ങളുടെ വേഷം ഭംഗിയാക്കിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 375 റണ്ണിലെത്തി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യെയും കുല്‍ദീപ് യാദവവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ പേസര്‍ ശാര്‍ദുള്‍ ഥാക്കുറാണ് ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. 14 റണ്ണെടുത്ത ഡിക്വേലയെ ഥാക്കൂര്‍ ധോണിയുടെ കൈകളിലെത്തിച്ചു. ശ്രീലങ്കന്‍ നിരയില്‍ ഏഞ്ചലോ മാത്യൂസും(70) സിരിവര്‍ധനയും(39) മാത്രമാണ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തത്.
മുന്നൂറാം മത്സരത്തിനിറങ്ങിയ ധോണിയുടെ പേരില്‍ ഒരു ലോക റെക്കോഡും ഈ മത്സരത്തില്‍ പിറന്നു. ഏറ്റവും കൂടുതല്‍ തവണ ഏകദിന ക്രിക്കറ്റില്‍ പുറത്താകാതെ നിന്ന താരമെന്ന റെക്കോഡാണ് ധോണി സ്വന്തം പേരിലേക്ക് കുറിച്ചത്. ഇന്നത്തേത് അടക്കം 73 ഏകദിനങ്ങളില്‍ ധോണിയെ എതിര്‍ ടീമിന് പുറത്താക്കാനായില്ല
Post Your Comments