പേരാമംഗലം: വ്യത്യസ്തപ്രദേശങ്ങളിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. പേരാമംഗലം, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധികളിലായിരുന്നു മോഷണം. തിങ്കളാഴ്ച രാത്രിയായിരുന്നു കവര്‍ച്ച. പേരാമംഗലം പോലീസ് സ്റ്റേഷന് തൊട്ടടുത്ത ചീരക്കുഴി സുബ്രഹ്മണ്യക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് ഒരുലക്ഷം രൂപയോളം കവര്‍ന്നു.
ചീരക്കുഴി സുബ്രഹ്മണ്യക്ഷേത്രം, മുതുവറ ശിവക്ഷേത്രം, ഉത്രംകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് കടന്ന് സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ശ്രീകോവിലിനും ഭദ്രകാളീക്ഷേത്രത്തിനും മുന്നിലുള്ള ഭണ്ഡാരവും ഓഫീസ് കൗണ്ടറും പൊളിച്ചു. പേരാമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പേരാമംഗലം എസ്.ഐ. ലാല്‍കുമാര്‍, സി.ഐ. ബി. സന്തോഷ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
മുതുവറ ശിവക്ഷേത്രത്തില്‍ ഇതേ ദിവസംതന്നെ മോഷണം നടന്നു. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് 10000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പേരാമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഓഫീസ് മുറിയില്‍ കടന്ന ഫയലുകളെല്ലാം വലിച്ചിട്ട് പരിശോധിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആസ്പത്രിക്കു പിന്‍വശം ഉത്രംകുളങ്ങര ക്ഷേത്രത്തിലും മോഷണശ്രമം നടന്നു. ക്ഷേത്രത്തിനകത്ത് കടന്നുവെങ്കിലും ഭണ്ഡാരം കുത്തിത്തുറക്കുവാന്‍ സാധിച്ചില്ല. മെഡിക്കല്‍ കോളേജ് എസ്.ഐ. സേതുമാധവന്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments