തിരുവനന്തപുരം•ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് തുടരും.
1982ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. ആലപ്പുഴ, എറണാകുളം ജില്ലാ കളക്ടറായി പ്രവര്‍ത്തിച്ചു. വ്യവസായ, വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍, പ്ലാനിംഗ് ഡെപ്യൂട്ടി സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെബി മുഴുവന്‍ സമയ അംഗം, സാമൂഹ്യനീതി പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു.
സിവില്‍ സര്‍വീസില്‍ വരുന്നതിന് മുന്‍പ് സിവില്‍ എന്‍ജിനിയറിംഗ് ലക്ചററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. യു. എസ്. എയിലെ മിച്ചിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാങ്കേതിക ആസൂത്രണത്തില്‍ പി. എച്ച്ഡി നേടി. കാണ്‍പൂര്‍ ഐ. ഐ. ടിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ആന്റ് മാനേജ്മെന്റ് എന്‍ജിനിയറിംഗില്‍ എം.ടെക് ബിരുദവുമെടുത്തു. കേരള തായ്ക്കോണ്‍ഡോ അസോസിയേഷന് ചീഫ് പാട്രണും മുന്‍ പ്രസിഡന്റുമാണ്. ഏഴ് ദേശീയ – അന്തര്‍ദ്ദേശീയ ഹാഫ് മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
Post Your Comments