സ്വാശ്രയ കോളേജുകളില്‍ എം.ബി.ബി.എസിന് പ്രതിവര്‍ഷം 11 ലക്ഷം രൂപയീടാക്കാമെന്ന കോടതിവിധിയില്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. കോടതി വിധി ഇടതു മുന്നണി സര്‍ക്കാരിനോ, വിപ്ലവപാര്‍ട്ടിക്കോ തിരിച്ചടിയല്ല എന്ന് പറയുന്ന ജയശങ്കര്‍ ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിച്ചാല്‍ സ്വാശ്രയ മുതലാളിമാര്‍ക്ക് മത്തിക്കച്ചവടത്തിന് പോകേണ്ടി വന്നേനേയെന്നും പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സ്വാശ്രയ വിഷയത്തില്‍ ജയശങ്കര്‍ പ്രതികരണം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
“അല്ലാ അല്ലാ, തിരിച്ചടിയല്ല..
സ്വാശ്രയ മേടിക്കല്‍ കോളേജ് കേസിലെ സുപ്രീം കോടതി ഉത്തരവ് ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവപ്പാര്‍ട്ടിക്കോ തിരിച്ചടിയല്ല. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ കോടതി ചെയ്തിട്ടുളളത്. പ്രതിവര്‍ഷ ഫീസ് 11ലക്ഷം, കോഴ്‌സിനു മൊത്തം അരക്കോടി.
ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിച്ചാല്‍ പാവം സ്വാശ്രയ മുതലാളിമാര്‍ക്കു നഷ്ടം വന്നേനെ. അവര്‍ മേടിക്കല്‍ കോളേജ് പൂട്ടി മത്തിക്കച്ചോടത്തിന് പോയേനെ. അത് അറിയാവുന്നതു കൊണ്ടാണ് സര്‍ക്കാര്‍ വക്കീല്‍ ഉരുണ്ടുകളിച്ചതും ഇതുപോലെ ഒരു ഉത്തരവ് നേടിയെടുത്തതും. ഇപ്പോള്‍ പഴി കോടതിക്ക്, ലാഭം മുതലാളിമാര്‍ക്ക്, പ്രതിഷേധിക്കാനും സമരം ചെയ്യാനുമുളള അവസരം നമുക്ക്.
കോടതിവിധി അറിഞ്ഞ് ചില വിദ്യാര്‍ഥികള്‍ പൊട്ടിക്കരഞ്ഞു, രക്ഷിതാക്കള്‍ മോഹാലസ്യപ്പെട്ടു എന്നൊക്കെ ചില ബൂര്‍ഷ്വാ പത്രങ്ങള്‍ പറയുന്നത് പച്ചക്കളളമാണ്. കുട്ടികളും മാതാപിതാക്കളും ആനന്ദാശ്രു പൊഴിക്കുകയാണുണ്ടായത്.
അരക്കോടി എടുക്കാനില്ലാത്ത കുട്ടികള്‍ മേടിക്കല്‍ കോളേജില്‍ പഠിക്കണം എന്ന് ആഗ്രഹിക്കുന്നതേ തെറ്റാണ്; പാര്‍ലമെന്ററി അവസരവാദമാണ്. മാര്‍ക്‌സിസത്തിന് എതിരാണ്.
കാശില്ലാത്ത കുട്ടികള്‍ MBBSനു പോയി ആയുസ്സു പാഴാക്കാതെ സര്‍ക്കാര്‍ കോളേജില്‍ ഫീസേ കൊടുക്കാതെ BAക്കോ BScക്കോ നടക്കട്ടേ, എത്തപ്പൈയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കട്ടേ, പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചും ജഡ്ജിമാരെ നാടുകടത്തിയും നേതാക്കന്മാരാകട്ടേ എമ്മല്ലേമാരും മന്ത്രിമാരും ആകട്ടേ.
കാശും പണവും ഉണ്ടാകുമ്പോള്‍ മക്കളെ സ്വാശ്രയത്തിലോ ബെര്‍മിങ്ഹാമിലോ വിട്ടു പഠിപ്പിക്കട്ടേ.
വിപ്ലവം ജയിക്കട്ടേ!”
Post Your Comments